തിരുവനന്തപുരം: പ്രവാസികളെയും കൈവിടാതെ പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തതുമായ ബഡ്ജറ്റ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബഡ്ജറ്റ് അവതരണം രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ മേഖലകള്‍ക്കും ആശ്വാസം പകരുന്ന തീരുമാനങ്ങളാണ് ബഡ്ജറ്റ് അവതരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍, കൊവിഡ് പ്രതിസന്ധിയിലും മറ്റും, തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി ബഡ്ജറ്റ് അവതരത്തില്‍ പറഞ്ഞു.