തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് അവതരണം തുടങ്ങി. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ഒരു മേഖലയെയും കൈവിടാതെയാണ് ബഡ്ജറ്റ് അവതരണം നടക്കുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ഇതിനായി നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍, 14 ജില്ലാ ഹബ്ബുകള്‍ അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകള്‍ എന്നിവ ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും മന്ത്രി തോമസ് ഐസക് പറഞ്ഞു. ജൂലൈ മാസത്തോടെ കെ-ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കും. കെ-ഫോണ്‍ പദ്ധതിയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ അതിവേഗ ഇന്‍ട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എംപി പെര് സെക്കന്റ് മുതല്‍ 1 ജിബി പെര് സെക്കന്റ് വരെയായിരിക്കും ഇന്റര്‍നെറ്റിന്റെ വേഗതയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ സേവന ദാതാക്കള്‍ക്കും കെ-ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുകിട വ്യവസായങ്ങള്‍, ടൂറിസം ഉള്‍പ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകള്‍, ഇ-കൊമേഴ്സ് മേഖലകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കെ-ഫോണ്‍ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തില്‍ പറഞ്ഞു.
Discussion about this post