ദുരൂഹമായ ജെസ്‌ന തിരോധാനം; ഹേബിയസ് കോർപസ് ഹർജി പിൻവലിച്ച് സംഘടന; നടപടി ഹൈക്കോടതി മുന്നറിയിപ്പിന് പിന്നാലെ

കൊച്ചി: അടിമുടി ദുരൂഹത നിറഞ്ഞ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവത്തിൽ കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. 2018 മാർച്ച് 22 മുതൽ കാണാതായ ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സംഘടന നൽകിയ ഹർജിയാണ് സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിച്ചത്.

ഈ ഹർജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകിയതോടെയായിരുന്നു പിൻവലിച്ചത്. ജെസ്‌നയെ കാണാതായിട്ടു രണ്ടു വർഷമായെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. പോലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെജി സൈമൺ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയായിരുന്നു കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചത്.

ചില ഉദ്യോഗസ്ഥർ ജെസ്‌നയെ കണ്ടെത്തി എന്ന് സ്ഥിരീകരിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചെങ്കിലും പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതേസമയം, ജെസ്‌ന ജീവിച്ചിരിക്കുന്നുണ്ടോ എന്നു തുറന്നു പറയാൻ കേസ് അന്വേഷിച്ചിരുന്ന മുൻ പത്തനംതിട്ട പോലീസ് മേധാവി കെജി സൈമൺ തയാറായിട്ടില്ല. ജെസ്‌നയുടെ ജീവിത രീതിയും വീട്ടിലെ പ്രശ്‌നങ്ങളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും പഠിച്ചതായും വ്യക്തമായ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും വിരമിച്ച ശേഷവും വെളിപ്പെടുത്താൻ തയാറായിട്ടില്ല.

Exit mobile version