പലയിടത്തും താങ്ങും ആശ്വാസവുമായിരുന്നു 25കാരിയായ ഡിസിപി ഐശ്വര്യ ഡോങ്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഐശ്വര്യ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണത്. തന്നെ തടഞ്ഞെന്ന പേരില്‍ പാറാവ് ജോലി ചെയ്തിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ ട്രാഫിക്ക് ഡ്യൂട്ടിലേക്ക് മാറ്റിയതോടെയാണ് പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ഐശ്വര്യ കണ്ണില്‍ കരടായി മാറി തുടങ്ങിയത്.
1995ല്‍ എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡാങ്റെയുടെ മകളാണ് ഐശ്വര്യ. അമ്മ അഞ്ജലി ഡോങ്റെ. മുംബൈയിലാണ് ഐശ്വര്യ ജനിച്ചതും വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതുമെല്ലാം. മുംബൈ സെന്റ് സേവിയേഴ്സ് കോളേജില്‍ ഇക്കണോമിക്സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. 25കാരിയായ ഐശ്വര്യ അവിവാഹിതയാണ്. ഐഎഎസ് മോഹിച്ചായിരുന്നു ഐശ്വര്യ സിവില്‍ പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തില്‍ തന്നെ രാജ്യത്തെ 196-ാം റാങ്ക് നേടുകയും ചെയ്തു. എന്നാല്‍ ലക്ഷ്യമായ ഐഎഎസ് ലഭിച്ചില്ല, തുടര്‍ന്ന് ഐപിഎസ് ഐശ്വര്യ സ്വീകരിക്കുകയായിരുന്നു.
കൊവിഡ് കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടത്. അന്ന് വലിയ ആശ്വാസം കൂടിയായിരുന്നു ഐശ്വര്യ. ആ സമയോജിത ഇടപെടലിനെത്തുടര്‍ന്ന് അര മണിക്കൂറിനുള്ളിലാണ് ഹൃദയം കൊച്ചിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ. ജൂലൈ മാസത്തില്‍ പൂന്തുറ കൊവിഡ് ഹോട്ട്സ്പോട്ടായപ്പോള്‍, ജനങ്ങളെ ബോധവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയും ഐശ്വര്യ തന്നെയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി സിറ്റി ഡിസിപിയായി ഐശ്വര്യ ചാര്‍ജെടുത്തത്. ശേഷമാണ് ഞൊടിയിടയില്‍ ഡിസിപി ഐശ്വര്യ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണത്. മഫ്തിയില്‍ പോലീസ് സ്റ്റേഷനിലേക്ക് കയറി വന്ന തന്നെ തടഞ്ഞ വനിതാ പോലീസുകാരിക്കെതിരെ ഐശ്വര്യ നടപടി സ്വീകരിക്കുകയായിരുന്നു. എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനിലെ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഐശ്വര്യ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്. ഇതോടെയാണ് ഐശ്വര്യയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
Discussion about this post