കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് അവസാനിപ്പിക്കുന്നു. എണ്ണക്കപ്പലായ എൻറിക്ക ലെക്സിയിൽ നിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് അവസാനിപ്പിക്കാൻ നീക്കം നടക്കുത്തത്.
കേരള സർക്കാർ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ 10 കോടിയെ നൽകാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതർക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകിയാണ് കേസ് അവസാനിപ്പിക്കുക. ഇതിനായി ഇറ്റലി സർക്കാരും കേന്ദ്രസംസ്ഥാന സർക്കാരും ശ്രമം തുടങ്ങി.
കേസിൽ, ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ മെയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു വിധി. എന്നാൽ, ട്രിബ്യൂണലിന്റെ വിധിയെ നോക്കുകുത്തിയാക്കി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുന്നതിനെതിരേ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയിട്ടുണ്ട്.
വെടിവെപ്പ് സമയത്ത് ബോട്ടിൽ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പ്രായപൂർത്തിയാകാത്ത പ്രിജിൽ എന്ന 14കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാൾക്കും നഷ്ടപരിഹാരം കിട്ടാൻ അർഹതയുണ്ടെന്ന പരാതിയും സർക്കാരിനു മുന്നിലുണ്ട്. ഇറ്റലി നല്കുന്ന നാലു കോടി രൂപ ജലസ്റ്റിന്റെ ഭാര്യക്കും രണ്ട് മക്കൾക്കുമാണ് കിട്ടുക. അജേഷ് പിങ്കിന്റെ രണ്ട് സഹോദരിമാർക്കാണ് നാലു കോടി രൂപ കൈമാറുക. ഇവർക്ക് നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു.
നഷ്ടപരിഹാരത്തെ ചൊല്ലിയും പ്രതികളുടെ ശിക്ഷയെ ചൊല്ലിയും സർക്കാർ തലത്തിൽ ചർച്ചകൾ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയുമായിയിരുന്നു ചർച്ച നയിച്ചിരുന്നത്. ആർബിറ്ററി ട്രിബ്യൂണൽ വെടിവെച്ച ഇറ്റാലിയൻ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. 2012 ഫെബ്രുവരി 15നായിരുന്നു കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ചത്.