കോഴിക്കോട്: ജയിലിൽ ഇനി അന്തേവാസികൾക്ക് സ്വൽപ്പം മോഡേണാകാം. അതിനുള്ള വഴിയാണ് തെളിഞ്ഞുവന്നിരിക്കുന്നത്. പഴഞ്ചൻ സ്റ്റൈലായ മുണ്ട്-ഷർട്ട്, സാരി-ബ്ലൗസ് വേഷവിധാനങ്ങൾക്ക് പകരം ഇനി ജയിലിലെ തടവുകാർ ടീ ഷർട്ടും ബർമുഡയും, സ്ത്രീകൾചുരിദാറും ധരിക്കും.
അന്തേവാസികളുടെ വസ്ത്രം അവരുടെ തന്നെ ജീവനെടുക്കുന്ന സാഹചര്യത്തിലാണ് മാറ്റത്തെ കുറിച്ച് ജയിൽ വകുപ്പ് ആലോചിക്കുന്നത്. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ കൂടി വരികയാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് തടവുകാരുടെ വേഷത്തിൽ വ്യത്യാസം വരുത്താൻ തീരുമാനമായത്. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയതിനെത്തുടർന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് തന്നെയാണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്.
സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നടപ്പിൽ വരുത്തുക. വസ്ത്രം കളർഫുൾ ആകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട് ജയിലിലായിരിക്കും വേഷത്തിൽ മാറ്റം ഉണ്ടാകുക. സംഭവം വിജയകരമായാൽ എല്ലാ ജയിലിലേക്കും വസ്ത്രങ്ങളെത്തിക്കും.
200 പുരുഷൻമാരും 15 സ്ത്രീകളുമാണ് ജയിലിൽ ഉള്ളത്. വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം. ഒരാൾക്ക് 2 ജോഡി വസ്ത്രമാണ് നൽകുന്നത്.
Discussion about this post