പാവപ്പെട്ടവരുടെ വീട് ജപ്തി ചെയ്യാനുള്ള ഉത്സാഹം ബാങ്കുകൾക്ക് പണം നഷ്ടപ്പെടുമ്പോഴും കാണിച്ചുകൂടെ? 20 ലക്ഷം തട്ടിപ്പുകാർ ചോർത്തിയെടുത്തിട്ട് 25 ദിവസം; വിമർശിച്ച് സാറാ ജോസഫ്

കൊച്ചി: സ്വകാര്യതയെയും വ്യക്തിഗത വിവരങ്ങളേയും ചോർത്തുന്നതിനെ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടക്കെ, ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകളേയും ഇതിനോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. വ്യക്തിഗതവിവരങ്ങൾക്കൊപ്പം ആധാർ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺവിവരങ്ങളും ചോരുന്നതാണ് ഓൺലൈൻ തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്. അതോടൊപ്പം ഉപഭോക്താക്കളുടെ പണത്തിന് സുരക്ഷ നൽകാതെ ബാങ്കുകളും തട്ടിപ്പുകാരുടെ പക്ഷത്താണ്. പണം നഷ്ടപ്പെട്ടാൽ കൈമലർത്തുന്നതല്ലാതെ മറ്റൊന്നും ബാങ്കുകളും ഉറപ്പ് നൽകുന്നില്ല.

അതേസമയം, മരുമകന്റെ ബാങ്കിൽ നിന്നും 20,25000 രൂപ നഷ്ടപ്പെട്ടിട്ട് 25 ദിവസം പിന്നിട്ടിട്ടും യാതൊരു പരിഹാരവും കാണാതെ ബാങ്ക് അനാസ്ഥ കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തി സാഹിത്യകാരി സാറാ ജോസഫ് രംഗത്തെത്തി. നമ്മൾ കഠിനമായി അദ്ധ്വാനിച്ചുണ്ടാക്കിയ വിശ്വസിച്ച് ബാങ്കിലിടുന്ന തുക വളരെ എളുപ്പത്തിൽ ഓൺലൈൻ തട്ടിപ്പ് കാർക്ക് ചോർത്തിക്കൊണ്ടുപോകാൻ കഴിയുന്ന സംവിധാനമാണ് ഇന്ന് ബാങ്കുകൾക്കുള്ളത്. തുക നഷ്ടപ്പെട്ട കസ്റ്റമർക്ക് ആശ്വാസകരമായ ഒരുത്തരവും ബാങ്ക് നൽകുകയുമില്ലെന്ന് സാറാ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

തുച്ഛമായൊരു തുക വായ്പ്പയെടുത്തത് തിരിച്ചടക്കാൻ കഴിയാത്ത പാവപ്പെട്ടവരുടെ വീട് ജപ്തി ചെയ്യാനും സർഫാസി പോലുള്ള നിയമങ്ങൾ കൊണ്ട് പിരിച്ചെടുക്കാനും ബാങ്കുകൾ കാട്ടുന്ന അമിതമായ ഉത്സാഹമൊന്നും ബാങ്കിന്റെ കുഴപ്പം കൊണ്ട് കസ്റ്റമറുടെ പണം നഷപ്പെട്ടാൽ അതിന് പരിഹാരമുണ്ടാക്കാൻ ബാങ്കുകൾ കാണിക്കുകയില്ല. ഓൺലൈൻ, എടിഎം തട്ടിപ്പുകൾ വഴി പണം നഷ്ടപ്പെട്ടവർ ഒന്നും രണ്ടുമല്ല.
ഞങ്ങളുടെ 20, 25000 രൂപ കാനറാ ബാങ്കിന്റെ തൃശൂർ വെസ്റ്റ് പാലസ് ബ്രാഞ്ചിൽ നിന്ന് ഓൺ ലൈൻ തട്ടിപ്പു വഴി നഷ്ടപ്പെട്ടിട്ടു ഇന്നേക്ക് 25 ദിവസമാകുന്നുവെന്നും സാറാ ജോസഫ് ചൂണ്ടിക്കാണിച്ചു. മരുമകനായ ശ്രീനിവാസന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തത് വ്യാജ ആധാർകാർഡ് ഉപയോഗിച്ച് സിം കരസ്ഥമാക്കിയായിരുന്നുവെന്നും ഇതിന് പിന്നിൽ വലിയൊരു തട്ടിപ്പ് സംഘമുണ്ടെന്ന സംശയവും സാറാ ജോസഫ് പങ്കുവെയ്ക്കുന്നു.

സാറാ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നമ്മൾ എത്രമാത്രംസുരക്ഷിതരാണ്?
വിശ്വസിച്ച് ബാങ്കിലിടുന്ന തുക കഠിനമായി അദ്ധ്വാനിച്ചുണ്ടാക്കിയത് വളരെ എളുപ്പത്തിൽ ഓൺലൈൻ തട്ടിപ്പ് കാർക്ക് ചോർത്തിക്കൊണ്ടുപോകാൻ കഴിയുന്ന സംവിധാനമാണ് ഇന്ന് ബാങ്കുകൾക്കുള്ളത്. തുക നഷ്ടപ്പെട്ട കസ്റ്റമർക്ക് ആശ്വാസകരമായ ഒരുത്തരവും ബാങ്ക് നല്കുകയുമില്ല.
തുച്ഛമായൊരു തുക വായ്പ്പയെടുത്തത് തിരിച്ചടക്കാൻ കഴിയാത്ത പാവപ്പെട്ടവരുടെ വീട് ജപ്തി ചെയ്യാനും സർഫാസി പോലുള്ള നിയമങ്ങൾ കൊണ്ട് പിരിച്ചെടുക്കാനും ബാങ്കുകൾ കാട്ടുന്ന അമിതമായ ഉത്സാഹമൊന്നും ബാങ്കിന്റെ കുഴപ്പം കൊണ്ട് കസ്റ്റമറുടെ പണം നഷപ്പെട്ടാൽ അതിന് പരിഹാരമുണ്ടാക്കാൻ ബാങ്കുകൾ കാണിക്കുകയില്ല.
ഓൺ ലൈൻ, എ ടി എം തട്ടിപ്പുകൾ വഴി പണം നഷ്ടപ്പെട്ടവർ ഒന്നും രണ്ടുമല്ല.
ഞങ്ങളുടെ 20, 25000 രൂപ കാനറാ ബാങ്കിന്റെ തൃശൂർ വെസ്റ്റ് പാലസ് ബ്രാഞ്ചിൽ നിന്ന് ഓൺ ലൈൻ തട്ടിപ്പു വഴി നഷ്ടപ്പെട്ടിട്ടു ഇന്നേക്ക് 25 ദിവസമാകുന്നു.
മാധ്യമങ്ങളിൽ നിന്നറിയാൻ കഴിഞ്ഞത്, ബാങ്കുകളുടെ Net Banking സംവിധാനത്തിലേക്ക് കടന്നു കയറാൻ ഓൺലൈൻ തട്ടിപ്പുകാർക്ക് കഴിയുന്നുവെന്നാണ്. അങ്ങനെ കടന്നു കയറി കസ്റ്റമറുടെ മെയിൽ ഐഡിയും പാസ് വേഡുകളും അവർ കരസ്ഥമാക്കുന്നു. എന്റെ മരുമകൻ ശ്രീനിവാസന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. എഞ്ചിനിയർ ആയ ശ്രീനിവാസന്റെ കൺസ്ട്രക്ഷൻ കമ്പനിയായ ‘വാസ്തുകം ഓർഗാനിക് ആർക്കിടെക്റ്റ്‌സ്’ ന്റെ കാനറാ ബാങ്കിലുള്ള കറന്റ് അക്കൗണ്ടിൽ നിന്നാണ് പണം പോയിട്ടുള്ളത്.
നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും നടക്കുന്നത് ഈ അക്കൗണ്ടിലൂടെയാണ്.
സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വാസ്തുക ത്തിന്റെ ഭാഗത്തു നിന്ന് പിഴവുകൾ കണ്ടെത്തിയിട്ടില്ല.
ശ്രീനിവാസന്റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഇതിൽ നമ്മുടെ സ്വന്തം പൊതുമേഖലാസ്ഥാപനമായ BSNL ന്റെ പങ്കു കൂടി എടുത്തു പറയാനുണ്ട്.
ശ്രീനിവാസന്റെ ഫോൺ സിം തൃശൂർ BSNL ൽ നിന്ന് എടുത്തിട്ടുള്ളതാണ്. അയാളുടെ ആധാർ കാർഡ് തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിലുള്ള വീടിന്റെ മേൽവിലാസത്തിലുള്ളതാണ്.
ആധാർ കാർഡ് വ്യാജമായി കരസ്ഥമാക്കി അതിൽ ശ്രീനിവാസന്റെ ഫോട്ടോയുടെ സ്ഥാനത്ത് തട്ടിപ്പ് നടത്തിയവന്റെ ഫോട്ടോ പതിപ്പിച്ചുണ്ടാക്കിയ വ്യാജ ആധാർക്കാർഡുമായി (ഇതിന്റെ copy ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്) ആലുവ BSNL ഓഫീസിൽ ചെന്ന് ശ്രീനിവാസന്റെ ഫോൺ നമ്പറിൽ ഒരു ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിച്ചിട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സിം കിട്ടിയ ഉടനെ അവർ അത് ജിയോ യിലേക്ക് മാറ്റി.
ആലുവാ BSNL ൽ നിന്ന് മതിയായ പരിശോധന കൂടാതെ ഒരു കള്ളന് ഡ്യൂപ്ലിക്കേറ്റ് സിം ഇഷ്യം ചെയ്തുവെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. തൃശൂരിൽ നിന്നെടുത്തിട്ടുള്ള സിമ്മിന് എന്തുകൊണ്ട് ആലുവ BSNL എന്ന ഒരു ചെറിയ സംശയം പോലുമില്ലാതെ, ഫോട്ടോയും വിവരങ്ങളും ഒരു മിനിട്ടു നേരം ഒന്നു വെരിഫൈ ചെയ്യാതെ , സിം കൊടുത്തത് വെറും അനാസ്ഥ മൂലമാണെന്ന് ഞാൻ കരുതുന്നില്ല. BSNL ലും കണ്ണികളുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
എന്നാൽ ഇതിനൊന്നും പണം നഷടപ്പെട്ടവർക്ക് ഉത്തരം ലഭിക്കുകയില്ല എന്നതാണ് സത്യം.
നമ്മുടെ എല്ലാമെല്ലാമാണെന്നു പറഞ്ഞുണ്ടാക്കിയിട്ടുള്ള ആധാർ കാർഡിന്റെ സുരക്ഷിതത്വം എന്തു വലിയ നുണയാണെന്ന് നമ്മൾ തിരിച്ചറിയണം
ആധാർ കാർഡുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചിരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നയം നടപ്പാക്കപ്പെടുന്നത് ഇത്രയും അരക്ഷിതമായ സംവിധാനങ്ങൾക്കകത്താണെന്നോർക്കണം.
പണം മാത്രമല്ല, നമ്മുടെ വിലപ്പെട്ട എന്തും ഇങ്ങനെ തട്ടിപ്പറിക്കപ്പെടാം എന്നത് ഭയപ്പെടുത്തുന്ന അവസ്ഥയാണ്.
ശ്രീനിവാസന്റേത് ഒറ്റപ്പെട്ട കേസല്ല. ഇതേ ഓൺലൈൻ തട്ടിപ്പുകാർ തൃശൂർ ജില്ലയിൽ നിന്ന് മാത്രം രണ്ടു മാസത്തിനു ള്ളിൽ ഒന്നേമുക്കാൽക്കോടിയോളം രൂപ തട്ടിച്ചിട്ടുണ്ടെന്നാണ് പത്രവാർത്ത.
ജനങ്ങൾ തട്ടിപ്പിനിരയാക്കപ്പെടുന്ന ഈ സാഹചര്യം ബന്ധപ്പെട്ട അധികാരികൾ എത്രത്തോളം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്ന് എനിക്കറിഞ്ഞുകൂടാ.
ബഹു: കേരളാ മുഖ്യമന്ത്രിയോടും
നിയമസഭയോടും ഈ പ്രശ്‌നം സഭയിൽ ചർച്ച ചെയ്യണമെന്നും
ജനങ്ങളുടെ സ്വത്തിനും സ്വകാര്യതക്കും സുരക്ഷ നല്കുന്ന സംവിധാനം ഉണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ആധാർ കാർഡും ഫോൺ നമ്പറും ബന്ധിപ്പിക്കുന്നതിലൂടെ വരുന്ന അപകടങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ചിട്ടുള്ള കേന്ദ്ര നയം തിരുത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന നടപടികൾക്ക് ജനങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നുറപ്പാണ്.
സുഹൃത്തുക്കളേ,
ആവശ്യമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഈ post പരമാവധി Share ചെയ്ത് സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സാറാ ജോസഫ്

Exit mobile version