കൊച്ചി: വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരായ പരാതിയിൽ നടക്കുന്ന സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. ലൈഫ് മിഷനെതിരായ അന്വേഷണവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഉത്തരവ്.
പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട നയപരമായ തീരുമാനത്തിനെ ചൊല്ലി അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അവർ തെറ്റ് ചെയ്തിട്ടില്ലെന്നും ഹൈക്കോടതി പരാമർശിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി കോടതി തള്ളി.
ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയുടെ പേരിൽ രാഷ്ട്രീയ ഭരണനേതൃത്വത്തിനുമേൽ ഉത്തരവാദിത്തം ചുമത്താൻ കഴിയില്ലെന്നു ജസ്റ്റിസ് പി സോമരാജൻ വിധിന്യായത്തിൽ പറഞ്ഞു.
കേസ് ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങളോടെ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഉദ്യോഗസ്ഥരെ പിന്തുടർന്ന് കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും സർക്കാർ വാദിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണം നേരത്തേ സ്‌റ്റേ ചെയ്തിരുന്നു.