വടക്കഞ്ചേരി: ആകെയുണ്ടായിരുന്ന പുറമ്പോക്കിലെ കൂര കത്തി നശിക്കുകയും ലൈഫ് പദ്ധതിയിലേക്ക് അധികൃതർ പരിഗണിക്കാതാവുകയും ചെയ്തതോടെ വടക്കാഞ്ചേരിയിൽ വയോധികയും മകനും അന്തിയുറങ്ങുന്നത് കടത്തിണ്ണയിൽ. വടക്കഞ്ചേരി ടൗണിലെ ഷാ ടവറിന്റെ മുമ്പിലെ കടവരാന്തയാണ് കുറച്ചുനാളുകളായി ഇവരുടെ താമസകേന്ദ്രം. വള്ളിയോട് സ്വദേശികളായ അമ്മാളുഅമ്മയും മകൻ സുരേഷുമാണ് തെരുവിൽ ആരോരും ശ്രദ്ധിക്കാനില്ലാതെ നിസ്സഹയാവസ്ഥയിൽ അന്തിയുറങ്ങുന്നത്.
മുമ്പ് ഇരുവരും വള്ളിയോട് മിനി ഇൻഡസ്ട്രീസിനു സമീപം പുറമ്പോക്ക് സ്ഥലത്ത് ഓലമേഞ്ഞ കുടിൽ കെട്ടിയാണ് കഴിഞ്ഞിരുന്നത്. ഇത് കത്തിനശിച്ചതോടെയാണ് എഴുപത്തിരണ്ടുകാരിയായ അമ്മയും മകനും തെരുവിൽ അലയുന്നത്. കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന ഇവർക്ക് വടക്കഞ്ചേരി സിഐ ആയിരുന്ന എ ദീപകുമാറാണ് ഇവിടെ ചെറിയ കുടിൽ ആദ്യം നിർമ്മിച്ചുകൊടുത്തത്. കാഴ്ചക്കുറവും ഓർമ്മക്കുറവുമുള്ള അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന മകനും വടക്കാഞ്ചേരി ഭരണകർത്താക്കളോടും അധികൃതരോടും വീടിനായി അപേക്ഷിച്ചിരുന്നെങ്കിലും നടപടിയായില്ല. മാസങ്ങളായി ടൗണിലെ കടവരാന്തയിൽ ഉറങ്ങുന്ന ഇവരുടെ ദുരിതം കാണാൻ ആരോരുമില്ലാത്ത അവസ്ഥയാണ്.
അതേസമയം, ഇവർക്ക് സ്വന്തമായി സ്ഥലമുണ്ടെങ്കിൽ വീട് നൽകാമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇവരുടെ പേരിൽ ഒരുസെന്റ് ഭൂമിപോലുമില്ല.
രാവിലെ മുതൽ ഹോട്ടലുകളിലേക്ക് സാധനങ്ങൾ ചുമന്നെത്തിച്ചും ലോട്ടറി വിൽപന നടത്തിയൊക്കെയാണ് സുരേഷ് തന്റെ അമ്മയ്ക്ക് ആഹാരം നൽകുന്നത്. നിത്യേന രണ്ടു പേർക്കും മരുന്നിനും മാത്രം വേണം വലിയ തുക. സ്വസ്ഥമായും സുരക്ഷിതമായും ഒന്നുറങ്ങാൻ പോലും ഇവർക്ക് വഴിയില്ല. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ ഇവിടെയാണ് ഇവരുടെ അന്തിയുറക്കം. രാത്രിയിൽ കൊതുകുകടി കൊണ്ട് പാതയോരത്തുള്ള സുരക്ഷിതമല്ലാത്ത വരാന്തയിൽ കിടന്നുറങ്ങുന്ന അമ്മയ്ക്ക് കാവലായി സുരേഷ് ഉറക്കമൊഴിച്ചിരിക്കും.