തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നല്‍കിയ പൊതിച്ചോറില്‍ സ്വര്‍ണ്ണ മോതിരം! യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി മോതിരം തിരിച്ച് ഏല്‍പ്പിച്ച് പ്രജു, വൃക്ക രോഗം ബാധിച്ച് കിടക്കയില്‍ കിടക്കുന്ന നന്മ മനസിന് നിറകൈയ്യടി

മെഡിക്കല്‍ കോളേജുകളിലും മറ്റും ഡിവൈഎഫ്‌ഐ പലപ്പോഴും ഭക്ഷണ വിതരണം നടത്താറുമുണ്ട്.

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വൃക്ക രോഗം ബാധിച്ച് കഴിയുന്ന പ്രജുവിന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നല്‍കിയ പൊതിച്ചേറില്‍ നിന്ന് ലഭിച്ചത് സ്വര്‍ണ്ണ മോതിരം. ഉടനെ നേതൃത്വത്തെ അറിയിച്ച് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി മോതിരം തിരിച്ച് ഏല്‍പ്പിച്ച ആ നന്മ മനസിനാണ് ഇന്ന് അഭിനന്ദനങ്ങള്‍ ഒഴുകി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് കുഴല്‍മന്ദത്തുള്ള പാര്‍വ്വതിയുടെ, മകന്‍ പ്രജുവിന് പൊതിച്ചോറില്‍ നിന്ന് സ്വര്‍ണ്ണ മോതിരം കിട്ടിയത്.

മെഡിക്കല്‍ കോളേജുകളിലും മറ്റും ഡിവൈഎഫ്‌ഐ പലപ്പോഴും ഭക്ഷണ വിതരണം നടത്താറുമുണ്ട്. ഇതിനിടയിലാണ് നന്മയുടെ പുതിയ മുഖം കൂടി പ്രത്യക്ഷപ്പെട്ടത്. മോതിരം പൊതിച്ചോറില്‍ കണ്ട ഉടനെ പ്രജു ഡിവൈഎഫ്‌ഐ നേതൃത്വത്തെ അറിയിക്കുകയും മോതിരം ഏല്‍പ്പിക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ നാട്ടിക ബ്ലോക്കിനകത്തെ കുണ്ടലിയൂര്‍ മേഖലക്കകത്ത് നിന്നുമായിരുന്നു അന്നത്തെ ഭക്ഷണം. മോതിരത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുവാനായി പൊതിച്ചോര്‍ തന്ന വീടുകളില്‍ കയറിയിറങ്ങി അന്വേഷിച്ചു. നീണ്ട നേരത്തെ അന്വേഷണത്തിനൊടുവില്‍ ഉടമയെയും കണ്ടത്തി.

മത്സ്യതൊഴിലാളിയായ പാടത്തുപറമ്പില്‍ രാജു എന്നയാളുടെ ഭാര്യ മിനിമോളുടേതായിരുന്നു മോതിരം. യഥാര്‍ത്ഥ ഉടമ തന്നെയാണ് എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ രാജുവിന്റെ മോതിരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഡിവൈഎഫ്‌ഐ ഏല്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം മോതിരം തിരിച്ച് നല്‍കിയ പ്രജുവിനെയും ഡിവൈഎഫ്‌ഐ അഭിനന്ദിക്കുകയും ഉപഹാരം നല്കുകയും ചെയ്തു.

Exit mobile version