കൊച്ചി: വൈറ്റില മേല്പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ തട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്മാരാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയും നിറയുന്ന ട്രോളുകള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി വ്ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകില്ല എന്ന ബെന്നിയുടെ പ്രസ്താവന പാലത്തിലൂടെ വലിയ കണ്ടെയ്നര്‍ ലോറി കടന്നു പോയതോടെ ചീട്ടുകൊട്ടാരത്തിന് സമമായി തകര്‍ന്നിരുന്നു. പിന്നാലെയാണ് ബെന്നിക്കെതിരെ വിമര്‍ശനവും ട്രോളും തെറിവിളികളും ഉയര്‍ന്നത്. അതേസമയം, തെറി പറഞ്ഞ് തോല്പിക്കാന് ആകില്ലെന്നും. പച്ചയ്ക്ക് പറയല്‍ തുടരുമെന്നും ബെന്നി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.
ബെന്നി ജോസഫ് ജനപക്ഷത്തിന്റെ വാക്കുകള്‍ ഇങ്ങനെ;
വൈറ്റില മേല്‍പാലം കഴിഞ്ഞ സെപ്റ്റംബറില്‍ 98 ശതമാനം പണി തീര്‍ന്നിരുന്നു. പിന്നീട് ഒച്ചിഴയും വേഗത്തിലാണ് പണി നടന്നത്. നിര്‍മ്മാണം മനപൂര്‍വ്വം വൈകിപ്പിക്കുന്നു എന്നായിരുന്നു എന്റെ വീഡിയോ. ഇന്ത്യയില്‍ ഓടുന്ന എല്ലാ വാഹനങ്ങളും അഞ്ചേകാല്‍-അഞ്ചര മീറ്ററില്‍ താഴെയാണെന്ന് എനിക്കറിയാം. ആറ്, ആറേകാല്‍ മീറ്റര്‍ വെച്ചിരുന്നെങ്കില്‍ കൊച്ചി തുറമുഖത്തുനിന്നുള്ളതും എഫ്എസിടി, അപ്പോളോ ടയേഴ്സ്, കൊച്ചി റിഫൈനറി തുടങ്ങിയ കമ്പനികളിലേക്കുമുള്ള വലിയ മെഷീനറികള്‍ കൊണ്ടുപോകാന്‍ പറ്റുമായിരുന്നു എന്നാണ് പറഞ്ഞത്. വണ്ടി കുനിയുമോ എന്ന വീഡിയോ ഒന്നുകൂടി കാണണം.
ഞാന്‍ കൊള്ളരുതായ്മകളും അഴിമതികളും ഇത്തിരി കടുപ്പിച്ചും പച്ചയ്ക്കും തുറന്നു പറയുന്നു. എന്റെ വാര്‍ത്ത ഒരു പാര്‍ട്ടിയ്ക്കും എതിരുമല്ല, സപ്പോര്‍ട്ടുമല്ല. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം എപ്പിസോഡുകള്‍ ഞാന്‍ പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്. ചിലതിനൊക്കെ സുഹൃത്തുക്കള്‍ വിളിച്ചുപറയും ‘ബെന്നിച്ചേട്ടാ ചെയ്തത് നല്ലതാണ്’ എന്ന്. എന്നാല്‍ ചില അന്തംകമ്മി, സംഘി, സുഡാപ്പികള്‍..രാഷ്ട്രീയ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ മിക്ക വാട്സാപ്പ് ഗ്രൂപ്പിലും..അമേരിക്ക, ലണ്ടന്‍, കാനഡ, ദുബായ്, ബഹ്റിന്, ദോഹ, ഗള്‍ഫ് കണ്ട്രീസ് മുഴുവന്‍, ടാന്‍സാനിയ, ഉഗാണ്ട, സിംഗപ്പൂര്‍, മലേഷ്യ, കേരളത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ, ഇന്ത്യയില്‍ ഡല്‍ഹി മുംബൈയിലുമൊക്കെത്തന്നെ വാട്സാപ്പ് ഗ്രൂപ്പില്‍ എന്റെ നമ്പര്‍ ഇട്ടിട്ട് എന്നെ തെറി പറയാന്‍ ആഹ്വാനം ചെയ്തേക്കുകയാണ്. ഇന്നലെ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം 24 മണിക്കൂര്‍ തികയുന്നതിനിടയില്‍ ഒരു മൂവായിരം പേരെങ്കിലും വിളിച്ച് തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് തെറി പറഞ്ഞിട്ടുണ്ട്. ഞാന്‍ എടുക്കണില്ല. ഒന്ന് രണ്ട് കോള്‍ എടുക്കും. ബാക്കി കട്ട് ചെയ്യും. ആ ജാതി തെറിയാണ് ഈ പാര്ട്ടിക്കാര് എന്നെ പറയുന്നത്. എനിക്കതില്‍ ഒരു പ്രശ്നവുമില്ല. ഈ തെറി മുഴുവന്‍ കേള്‍ക്കുന്നത് ഇവിടുത്തെ പുതിയ തലമുറയ്ക്ക് വേണ്ടിയാണ്.
വി ഫോര്‍ അവിടെ തകിട് വലിച്ചുമാറ്റിയതിനോട് ഞാന്‍ യോജിക്കുന്നില്ല. ഞാനോ ഞാന്‍ അറിയുന്നവരോ ആണ് അത് ചെയ്തത് എങ്കില്‍ ഏറ്റെടുക്കാന്‍ പറയും. അതാണ് ഗാന്ധിജി പറഞ്ഞ രാഷ്ട്രീയം. തെറ്റായ നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ്. എല്ലാ നിയമങ്ങളും അനുസരിക്കാനുള്ളതല്ല.
ചെറുപ്പക്കാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് കട്ടും മോഷ്ടിച്ചുമല്ല ഇവിടെ ജീവിക്കേണ്ടത്. അന്തസായി പണിയെടുത്ത് വേറൊരുത്തനെ പറ്റിക്കാതെ ജീവിക്കാന്‍ വേണ്ടിയാണ് ഞാന്‍ പച്ചയ്ക്ക് പറയുന്നത്. ഇവിടുത്തെ മുഖ്യമന്ത്രിയും പിഡബ്ലിയുഡി മിനിസ്റ്ററും ഉദ്ഘാടനത്തിന് പറഞ്ഞത് എന്താണ്. ഞങ്ങള്‍ ചെയ്യുന്നത് അരാഷ്ട്രീയ വാദമാണെന്ന്. അഴിമതിയും കൊള്ളയും തുറന്നുകാട്ടുന്നത് അരാഷ്ട്രീയവാദമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ രാജാവ് അല്ല എന്ന് തെളിയിക്കാനും ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 30 വര്‍ഷം യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ചിട്ടും കൊച്ചിയിലെ വെള്ളക്കെട്ട് മാറിയോ?
ഒരു അബദ്ധം സംഭവിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷെ, 2500 പേര് എന്നെ കൊല്ലുമെന്ന് പറഞ്ഞാല്‍, എന്റെ കൈ കാല് വെട്ടുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ വിഡ്ഡികളേ ഞാനിത് നിര്‍ത്തുമെന്ന്. 61 വയസുവരെ ഈ നശിച്ച രാഷ്ട്രീയത്തില്‍ എനിക്ക് ജീവിക്കാമെങ്കില്‍ ഇനി ഒരു മണിക്കൂര്‍ പോലും വേണ്ട. എന്നെ പാര്ട്ടിക്കാര് വെട്ടിക്കൊല്ലണം. അല്ലെങ്കില്‍ ആ ശവം നിങ്ങളെടുത്ത് തിന്നണം. ഇത് നെഞ്ചില്‍ തട്ടിയാണ് പറയണത്. എനിക്ക് മൂന്നുമക്കളാണ്. അവരേയും കൂടി ബലി കഴിപ്പിച്ചിട്ടാണ് ഞാന്‍ ഈ പണി തുടങ്ങിയേക്കണത്. മൂന്ന് നാല് തലമുറയ്ക്ക് തിന്നാന്‍ സ്വത്തുണ്ടായിട്ട് ഞാന്‍ ഈ പണിയ്ക്ക് ഇറങ്ങുന്നത് എന്തിന് വേണ്ടിയാണ്? ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നവരല്ലേ കൂടുതലും രാഷ്ട്രീയത്തിലും വരുന്നത്. അവരെ മോശപ്പെടുത്തി പറയുന്നതല്ല. പക്ഷെ അങ്ങനെ വരുന്നവര്‍ പെട്ടെന്ന് കോടീശ്വരന്മാരാകുന്നു. ജനങ്ങളുടെ ഇടയില്‍ സത്യവും നീതിയും നിയമവും ഭരണഘടനയും അനുസരിച്ച് ജീവിക്കുന്ന എന്നെ എങ്ങനെയാണ് നിങ്ങള്‍ തെറി പറഞ്ഞ് തോല്പിക്കുന്നത്? അണികളേ. തല്ലിപ്പൊളി സഖാക്കളെ രാഷ്ട്രീയ പ്രവര്‍ത്തകരേ. നിങ്ങള്‍ക്ക് നാണില്ലേ? കുറെ തെറി പറഞ്ഞാല്‍ ഞാന്‍ തോറ്റുപോകുമെന്ന് വിചാരിച്ചോ? നിങ്ങള്‍ക്ക് എന്നെ അങ്ങനെ തോല്പിക്കാന് പറ്റില്ലെടാ. തെറ്റുണ്ടെങ്കില്‍ കുഞ്ഞുകുട്ടിയാണെങ്കിലും മാപ്പ് പറയും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ജയിലില്‍ പോകാനോ മരിക്കാനോ തയ്യാറായിക്കൊണ്ട് എവനാണെങ്കിലും പോടാ പുല്ലേ എന്ന് പറഞ്ഞിരിക്കും. കാരണം, മതിയായി. സമസ്ത മേഖലയിലും അഴിമതിയും കൈക്കൂലിയും.
ഞാന്‍ പറഞ്ഞ വീഡിയോയില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ വന്ന് എന്റെ ചെരുപ്പ് ഊരിത്തരാം. എന്നെ തല്ലാന്‍. അടര്‍ത്തി മാറ്റി ഒട്ടിച്ചത് കാണരുത്. പച്ചയ്ക്ക് പറയല്‍ തുടരും. ഞാന്‍ ഭാര്യയോടും മക്കളോടും അനുവാദം വാങ്ങിച്ചു. അവരും ചാകാന്‍ തയ്യാറാണ്. വെട്ടിക്കൊല്ലട്ടേ എന്നാണ് പറയുന്നത്. എത്ര പേരെ നിങ്ങള്‍ വെട്ടിക്കൊന്നു. നിങ്ങളുടെ ചോരക്കൊതി തീര്‍ന്നില്ലേ? ഒന്നുകില്‍ ദൈവം എന്റെ ശബ്ദം എടുക്കണം. അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. വി ഫോര്‍ കൊച്ചി പോല, ട്വന്റി ട്വന്റി കിഴക്കമ്പലം പോലെ ഒഐഒപി പോലെ ഏത് സംഘടന വന്നാലും ഞാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം കൊടുക്കും. ശാരീരികസഹായം കൊടുക്കും. എന്നേക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം കൊടുക്കും. കാരണം, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും നന്നാകണം. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. ഒരുത്തനും ഇനി പെട്ടി അന്വേഷിച്ച് പോകണ്ട.
എന്നേക്കൊണ്ട് ഈ വാക്കൊക്കെ പറയിപ്പിക്കേണ്ട കാര്യമുണ്ടോ? കൊഞ്ഞാണന് കിഞ്ഞാണന്‍ എന്നൊക്കെ വിളിക്കുക. അങ്ങനെയുള്ളവരെ ചെറ്റേ എന്നല്ലാതെ എന്ത് വിളിക്കും. എന്താ നിങ്ങള്‍ക്ക് മാത്രമാണോ തെറി പറയാനും ചീത്ത പറയാനും അവകാശം തന്നിരിക്കുന്നത്. ഒരു ആവശ്യത്തിനാണ് പോടാ പട്ടി എന്ന് പറയുന്നതെങ്കില്‍ കേള്‍ക്കും.
റോഡില്‍ വെറുതെ നില്‍ക്കുന്നവനെ, സമരം ചെയ്യുന്നവനെ കൊഞ്ഞാണന് എന്ന് വിളിക്കുക. ഇതൊക്കെ ശരിയാണോ? നിങ്ങള്‍ കണ്ണാടിയില്‍ നോക്കി സംസാരിക്കൂ. ഒരു ദിവസം. ഞാന്‍ പറയാത്ത കാര്യം പ്രചരിപ്പിക്കുന്നത് എന്ത് ഊച്ചാളി രാഷ്ട്രീയമാണ്. ഇതാണോ അന്തം കമ്മികള്‍ ചെയ്യേണ്ടത്. എനിക്ക് എന്റെ ജീവിതം മതിയായി. നാട്ടിലെ അഴിമതി കണ്ട് മടുത്തു. പെട്ടെന്ന് എന്നെ ദൈവം വിളിച്ചാല്‍ മതിയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
Discussion about this post