തൃശ്ശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ബിജെപി തയ്യാറാക്കിയ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശ്ശൂർ ജില്ലയുള്ളത്. ജില്ലയിൽ നിന്നുള്ള ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കൾ തൃശ്ശൂരിനായി ചരടുവലികളുമായി രംഗത്തെത്തിയിട്ടുമുണ്ട്.
കഴിഞ്ഞതവണ മത്സരിച്ച് നേട്ടമുണ്ടാക്കിയ മണലൂർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടാൻ എഎൻ രാധാകൃഷ്ണൻ ശ്രമിക്കുകയാണ്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലേക്ക് രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബി ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണനാണ് തൃശ്ശൂരിൽ നിന്ന് മത്സരിച്ചത്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയായില്ലെങ്കിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.
മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരിൽ മത്സരിച്ചേക്കും. ഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരിൽ സ്ഥാനാർത്ഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കുന്നംകുളത്ത് കെകെ അനീഷ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കില്ലെന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപിയെ ഇറക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ സുരേഷ് ഗോപിയെ താരപ്രചാരകനായി ബിജെപി രംഗത്തിറക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരത്തെ തൃശ്ശൂരിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, താരം നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് കൂടുതൽ സാധ്യത. പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലം താരം പരിഗണിച്ചേക്കും.
Discussion about this post