അമ്മ മകനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി; പോലീസ് നടപടിയിൽ ഉണ്ടായത് വീഴ്ച: സിഡബ്യുസി

Police

തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് എഫ്‌ഐആർ.തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായതായി ചൈൽഡ് വെൽഫയർ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വക്കേറ്റ് എൻ സുനന്ദ. വിവരം നൽകിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നൽകിയത് ശരിയായ നടപടിയല്ല. കേസിന് ആസ്പദമായ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. മകനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ തിരുവനന്തപുരം കടയ്ക്കാവൂരിൽ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. ഈ സംഭവത്തിലാണ് പോലീസിനെതിരെ സിഡബ്ല്യൂസി ചെയർപേഴ്‌സൺ രംഗത്തെത്തിയിരിക്കുന്നത്. പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പോലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സിഡബ്ല്യൂസി പറയുന്നത്.

ഇത്തരത്തിലൊരു പരാതി ഒരിക്കലും സിഡബ്ല്യൂസിയുടെ ഭാഗത്തുനിന്ന് സാധാരണരീതിയിൽ പോലും പോലീസിന് കൈമാറാറില്ല. ഈ കേസിൽ പരാതി ലഭിച്ചതിനു ശേഷം കൗൺസിലിങ്ങിന് വേണ്ടി മാത്രമാണ് പോലീസ് കുട്ടിയെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കിയതെന്നും സുനന്ദ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് സിഡബ്ല്യൂസി ചെയ്തത്.

ഈ കേസിന്റെ എഫ്‌ഐആറിൽ വിവരം നൽകിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് നൽകിയിരിക്കുന്നത്. എന്നാൽ താൻ ഇത്തരത്തിലൊരു വിവരം നൽകിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. മാത്രമല്ല, എഫ്‌ഐആർ തയ്യാറാക്കിയതിൽ പോലീസിന് വീഴ്ച പറ്റിയെന്നും സുനന്ദ പറയുന്നു.

കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ബന്ധുക്കൾ ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ളവ രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുബവഴക്കിനെ തുടർന്ന് ഭർത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ മാതാവിന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ കുട്ടിയുടെ പിതാവ് പരാതിയിൽ ഉറച്ചുനിൽക്കുകയാണ്.

Exit mobile version