തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വന്നു കണ്ടിരുന്നെന്നും മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും കെമാല്‍ പാഷ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇപ്പോള്‍ എന്തുകൊണ്ട് യുഡിഎഫിലേയ്ക്ക് എന്ന ചോദ്യമാണ് കൂടുതലും ഉയരുന്നത്. ചോദ്യങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെമാല്‍ പാഷ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസുകാര്‍ എല്ലാം സംശുദ്ധരാണെന്ന് പറയുന്നില്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെമാല്‍ പാഷയ്‌ക്കെതിരെ സോഷ്യല്‍മീഡിയയും മറുചോദ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അഴിമതി ഇല്ലെങ്കില്‍ പാലാരിവട്ടം പാലവും ബാര്‍ കോഴയും സോളാര്‍ വിവാദവും ഏത് ഇനത്തില്‍പ്പെടുമെന്ന് പ്രധാനമായും ഉയരുന്ന ചോദ്യം. രൂക്ഷവിമര്‍ശനവും ട്രോളുമാണ് കെമാല്‍ പാഷയ്‌ക്കെതിരെ നിറയുന്നത്.
കെമാല്‍ പാഷയുടെ വാക്കുകള്‍;
‘സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. കോണ്‍ഗ്രസുകാര്‍ എല്ലാം സംശുദ്ധരാണെന്ന് പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുമ്പ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് ആഗ്രഹം. എന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാന്‍ പറ്റിയ വഴി കോണ്‍ഗ്രസാണ്. ഇടതുമുന്നണി മോശമൊന്നുമല്ല. സിപിഐയിലെ പലരുമായി അടുത്ത ബന്ധമുണ്ട്. അവര്‍ എന്നെ തള്ളിപ്പറയില്ല. മന്ത്രി കെ.രാജു, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള പല നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ സിപിഎമ്മുമായി ഒരു ബന്ധവുമില്ല. ഇത്രക്ക് അഴിമതി നിറഞ്ഞ പ്രസ്ഥാനവുമായി എനിക്ക് ഒരുകാലത്തും യോജിച്ച് പോകാനാവില്ല. സിപിഎം അഴിമതി നടത്തികൊണ്ടേ ഇരിക്കുകയാണ്. വര്‍ഗീയതയും ഒരു തരത്തിലുള്ള അഴിമതിയാണ്.