തിരുവനന്തപുരം: വയോധികയെ തിരുവല്ലത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരിച്ച ചാൻ ബീവിയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ കാണാതായതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംഭവത്തിൽ ഫോർട്ട് എസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവല്ലം വണ്ടിത്തടത്തുള്ള വീടിനകത്ത് മരിച്ചനിലയിൽ ചാൻ ബീവിയെ കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ചാൻ ബീവിയെ വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവർ ചാൻ ബീവിയുടെ മകനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, ചാൻ ബീവിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണമാലയും വളകളും കാണാതായത് മരണത്തിൽ ദുരൂഹത വർധിപ്പിക്കുകയാണ്. കൈയ്യിൽ കിടന്നിരുന്ന സ്വർണ്ണം പൂശിയ വള മാത്രം നഷ്ടപ്പെട്ടിട്ടില്ല. ഇൻക്വസ്റ്റ് നടപടികളിൽ മറ്റ് സംശയങ്ങളില്ല. ചെവിയുടെ സമീപത്ത് രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മരണ ശേഷം സ്വർണം മാറ്റിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്ന് പോലീസ് അറിയിച്ചു.