മലപ്പുറം: വാഹനാപകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവരെ പോലും ആശുപത്രിയിലെത്തിക്കാൻ മടിച്ച് പരിക്കേറ്റവരെ മരണത്തിന്ട്ടകൊടുക്കുന്നവർ അറിയണം കോവിഡ് ബാധിക്കുമെന്ന് അറിഞ്ഞിട്ടും വയോധികന് കൂട്ടായി ഇരുന്ന് ശുശ്രൂഷിക്കാൻ മനസ് കാണിച്ച ധന്യ ആബിദ് എന്ന വനിതാശിശുക്ഷേമ വകുപ്പിലെ ജീവനക്കാരിയെ. കോവിഡ് കാലത്തുണ്ടായ വ്യത്യസ്തമായ അനുഭവം ധന്യ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ബന്ധുക്കളെല്ലാമുണ്ടെങ്കിലും അനാഥനെ പോലെ ആരോരും കൂട്ടായില്ലാതെ വാടകവീട്ടിൽ മരണം കാത്തുകിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ച അനുഭവമാണ് ധന്യ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിൽ നിന്നും വനിതാശിശു ക്ഷേമ വകുപ്പിലേക്ക് മാറിയെങ്കിലും തന്നെ തേടിയെത്തിയ മാറഞ്ചേരി പഞ്ചായത്തിലെ നാലാംവാർഡ് മെമ്പർ നിഷയുടെ സഹായഭ്യർത്ഥന തട്ടിക്കളയാതെ രാമചന്ദ്രൻ എന്ന എഴുപത്തിയഞ്ചുകാരനെ തേടി ധന്യയും ആശാവർക്കറായ സിന്ധുവും പുറപ്പെടുകയായിരുന്നു. ആരോരുമില്ലാതെ വാടകവീട്ടിൽ അവശനായി കഴിയുന്ന വയോധികനെ തവനൂരിലുള്ള വൃദ്ധസദനത്തിലേക്ക് മാറ്റണമെന്ന നിഷയുടെ അഭ്യർത്ഥനയായിരുന്നു ധന്യയെ രാമചന്ദ്രൻ എന്ന വയോധികന് അരികിലെത്തിച്ചത്. തീരെ അവശനായ അദ്ദേഹത്തെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് പോകവെ രോഗബാധിതനായ രാമചന്ദ്രന് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ശ്വാസതടസം കലശലായ അദ്ദേഹത്തിനെ നെഞ്ചുതടവി ആശ്വസിപ്പിച്ച നിഷയും ധന്യയും മക്കളുടെ കടമ ചെയ്യാനും മറന്നില്ല.
അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചെങ്കിലും ആദ്യം അച്ഛനാണ് രാമചന്ദ്രൻ എന്നു പറഞ്ഞവർ പിന്നീട് കൈയ്യൊഴിയുകയും ചെയ്‌തെന്ന് കണ്ണീരോടെ ധന്യ ഓർക്കുകയാണ്. ഒടുവിൽ ബന്ധുക്കളായി ആരോരുമില്ലെന്ന് രേഖപ്പെടുത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. മരിച്ചയാളിൽ നിന്നും കോവിഡ് ബാധിക്കപ്പെട്ട ധന്യ ഇപ്പോൽ ക്വാറന്റെനിൽ കഴിയുകയാണ്. അവസാന നിമിഷങ്ങളിൽ തണലായി നിന്ന് ഒരു മകളുടെ കടമ ചെയ്ത് വയോധികനെ കാത്ത ധന്യയ്ക്കും നിഷയ്ക്കും അഭിനന്ദനമറിയിക്കുകയാണ് സോഷ്യൽമീഡിയ.
ധന്യ ആബിദിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കോവിഡ് കാലം എല്ലാവർക്കും പുത്തൻ അനുഭവങ്ങളാണ് നൽകിയത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവം ഈ കാലം എനിക്കും നൽകി. അതെ കുറിച്ച് പറയാനാണ് ഞാൻ ശ്രമിക്കുന്നത്. ആ അനുഭവം എത്രമാത്രം ആഴത്തിൽ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് എനിക്കറില്ല. എത്രയെഴുതിയാലും ആ അനുഭവത്തിന്റെ ചൂടിന് തുല്യമാവില്ലെന്ന് ചുരുക്കം.
ഇക്കഴിഞ്ഞ ഡിസംബർ 29നാണ് സംഭവം. എന്റെ പഞ്ചായത്തായ മാറഞ്ചേരിയിലെ നാലാം വാർഡ് മെമ്പർ നിഷ ചേച്ചിയുടെ ഫോൺ വന്നത് രാവിലെ 11.20ഓടുകൂടിയാണ്. നാലാം വാർഡിൽ അറുപത് വയസ് പ്രായമുള്ള ഒരാൾ വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. അദ്ദേഹത്തെ തവനൂരിലുള്ള വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നാണ് നിഷ ചേച്ചി ആവശ്യപ്പെട്ടത്. ബന്ധുക്കളോ മക്കളോ ഒപ്പമില്ലാതെ ഒറ്റയ്ക്കാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തെ മാറ്റാനുള്ള സഹായമഭ്യർഥിക്കാനാണ് നിഷ ചേച്ചിയുടെ വിളി. ഇത്തരം കാര്യങ്ങൾക്ക് സാമൂഹ്യനീതി വകുപ്പിനാണ് ഉത്തരവാദിത്തം. ഞാൻ സാമൂഹ്യനീതി വകുപ്പിൽ നിന്നും വനിതാശിശുക്ഷേമ വകുപ്പിന്റെ ഭാഗമായിട്ട് കുറച്ചുനാളേ ആയിട്ടുള്ളൂ. പക്ഷെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി 11.450ഓടെ വാടകവീടിന്റെ മുന്നിലെത്തി നിഷ ചേച്ചിയെ കാത്തുനിന്നു.
അൽപസമയത്തിനുള്ളിൽ ചേച്ചിയെത്തി. വീട്ടിലേക്ക് കയറിയപ്പോൾ കണ്ട കാഴ്ച പ്രായമേറിയ ഒരുമനുഷ്യൻ നിലത്ത് കിടക്കുന്നതാണ്. അദ്ദേഹം തീർത്തും അവശനായിരുന്നു. ശാരീരികസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹത്തെ ഞങ്ങൾ രണ്ടാളും ചേർന്ന് എഴുന്നേൽപ്പിച്ചിരുത്തി. വയ്യ, ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് പറഞ്ഞ് വീണ്ടും കിടക്കാൻ ശ്രമിക്കുകയായിരുന്നു ആ വൃദ്ധൻ. ഇതേ തുടർന്ന് നിഷ ചേച്ചി ആശാവർക്കറായ സിന്ധു ചേച്ചിയെ വിളിച്ചു. ഞാൻ ഹെൽത്ത് ഇൻസ്‌പെക്ടറായ പ്രദീപ് സാറിനെ വിളിച്ചു വിവരം ധരിപ്പിച്ചു. കോവിഡ് ഡ്യൂട്ടിയിലായതിനാൽ നേരിട്ടെത്താൻ കഴിയാത്തതിന്റെ പ്രയാസം അദ്ദേഹം പങ്കുവച്ചു. പരിരക്ഷാ പ്രൊജക്ടിലെ വളണ്ടിയറെ വിളിക്കാനായിരുന്നു നിർദേശം. നിർഭാഗ്യത്തിന് ആസമയത്ത് വളണ്ടിയറെ ഫോണിൽ ലഭിക്കുന്നില്ലായിരുന്നു. വീണ്ടും പ്രദീപ് സാറിനെ ബന്ധപ്പെട്ടപ്പോൾ കിടത്തി ചികിൽസ നൽകാൻ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിക്കേണ്ടി വരുമെന്ന് പറഞ്ഞു. താലൂക്കാശുപത്രിയിൽ ബൈ സ്റ്റാൻഡറായി ഒരാൾ വേണം എന്നതാണ് വെല്ലുവിളി. അപ്പോൾ തോന്നിയ ബുദ്ധിക്ക് രോഗിയെ മാറഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാമെന്നും അവിടെ നിന്ന് റഫറൻസ് എഴുതി വാങ്ങി താലൂക്കാശുപത്രിയിൽ വളണ്ടിയറെയും, ആശുപത്രി സ്റ്റാഫിനെയും ഏൽപ്പിക്കാമെന്ന് തീരുമാനിച്ചു. നിഷ ചേച്ചി വിളിച്ചപാടെ ടൂവീലറുമെടുത്ത് ഓടിയെത്തിയതാണ്. പഴ്‌സ് പോലും എടുത്തിട്ടില്ല. ഒരു രൂപപോലും കൈവശമില്ല. ഫോൺ മാത്രമാണ് എടുത്തത്. പരിചയമുള്ള ഓട്ടോക്കാരനെ വിളിച്ചു. അദ്ദേഹം സ്ഥലത്തില്ല, പകരം മറ്റൊരു ഓട്ടോ അയക്കാമെന്നും പറഞ്ഞു. ഈ സമയത്ത് ആശ വർക്കറായ സിന്ധു ചേച്ചിയും എത്തി.
കിടന്നിരുന്ന അദ്ദേഹത്തെ വീണ്ടും എഴുന്നേൽപ്പിച്ചു. ഷർട്ട് ധരിപ്പിച്ചു. കയ്യിൽ വാച്ച് കെട്ടണമെന്നായി ആ മനുഷ്യൻ… കെട്ടിക്കൊടുത്തു. ഇറങ്ങാൻ ശ്രമിക്കുമ്പോൾ അടുത്തുള്ള മുഷിഞ്ഞ സഞ്ചി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഴുന്നേൽപ്പിക്കുമ്പോഴെല്ലാം കുഴഞ്ഞു പോവുകയായിരുന്നു. ഇതിനിടയിൽ മക്കളെയും ബന്ധുക്കളെയും കുറിച്ച് ചോദിച്ചു. അങ്ങിനെയാരുമില്ലെന്ന് പതറിയ ശബ്ദത്തിൽ മറുപടി. ഇറക്കാൻ ശ്രമിക്കുമ്പോൾ വേച്ചുവേച്ചുപോലും നടക്കാൻ അദ്ദേഹത്തിനായിരുന്നില്ല. ഇതുകണ്ട ഓട്ടോറിക്ഷ ഡ്രൈവർ പ്രദീപ് അദ്ദേഹത്തെ കോരിയെടുത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ഇരുത്തി. ഓട്ടോയിൽ ഇരിക്കുമ്പോൾ അദ്ദേഹം ആ മുഷിഞ്ഞ സഞ്ചി ചേർത്തുപിടിച്ചു..ചെരുപ്പിട്ടില്ലല്ലോ എന്ന് സങ്കടപ്പെട്ടു. സിന്ധു ചേച്ചി എന്തൊക്കയോ പറഞ്ഞ് അവരെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.
രണ്ടു കിലോമീറ്റർ കൂടിയുണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്. അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക് വേഗം കൂടുംപോലെ തോന്നി. ശ്വാസോച്ഛ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന പോലെ. അദ്ദേഹം ഓട്ടോറിക്ഷയുടെ പിറകിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകൾ മറയുന്ന പോലെ. കൈകളും നെഞ്ചും തടവിക്കൊടുത്തു.പ്രദീപിനോട് ഓട്ടോ വേഗം വിടാൻ ആവശ്യപ്പെട്ടു. ഒരു ഞെരക്കം കണ്ടു. പിന്നെ ചലനമറ്റ പോലെ. സിന്ധു ചേച്ചി പറഞ്ഞു. മിടിപ്പില്ല, പോയെന്നു തോന്നുന്നു’ . ഞങ്ങളുടെ കണ്ണിലും ഇരുട്ടുതുളച്ചുകയറുകയായിരുന്നു…. നെഞ്ചിടിപ്പിന് വേഗം കൂടുകയായിരുന്നു. മുന്നിൽ ഒരു മനുഷ്യന്റെ മരണം ഈ വിധം കാണേണ്ടി വരുമെന്ന് കരുതിയതല്ല. ഓട്ടോ വേഗത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി. ഡോക്ടർ ഇറങ്ങി വന്ന് പരിശോധിച്ചു. മരണം സ്ഥിരീകരിച്ചുകഴിഞ്ഞു. മൃതദേഹം ആശുപത്രിയുടെ വരാന്തയിലേക്ക് മാറ്റി.
ആ വയോ വൃദ്ധൻ ആരെന്നോ എന്തെന്നോ അറിയില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഒപ്പമുള്ളവർക്കും അറിയില്ല. എന്തെങ്കിലും വിവരം ലഭിക്കാനിടയുണ്ടെന്ന് കരുതിയാണ് അദ്ദേഹം കൂട്ടിപ്പിടിച്ചിരുന്ന സഞ്ചിയിൽ പരതിയത്. ചുരുണ്ടുകൂടിയിരുന്ന നോട്ടുകളിൽ ആയിരത്തിലേറെ രൂപ. പിന്നെ കുറേ കുറിപ്പുകളുള്ള പേപ്പറുകൾ. അതിൽ കുറേ ഫോൺ നമ്പറുകൾ. ഒരു നമ്പറിൽ വിളിച്ചപ്പോൾ അദ്ദേഹം തന്റെ അച്ഛനെന്ന് മറുപടി. മരണവിവരം അറിയിച്ചപ്പോൾ തന്റെ അച്ഛൻ മൂന്ന് കൊല്ലം മുമ്പ് മരിച്ചതാണെന്നായി. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് കഴിഞ്ഞിരുന്നയാളാണ് മരിച്ചിരിക്കുന്നത് എന്ന് മനസിലാക്കാനായി. പിന്നീട് പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ മകളാണെന്നും വരാൻ താൽപര്യമില്ലെന്നും ആദ്യം പറഞ്ഞു. പിന്നീട് വരാമെന്ന് സമ്മതിച്ചു. പക്ഷെ മൃതദേഹം കൊണ്ടുപോകില്ല, മറവ് ചെയ്യാൻ സഹായിക്കണമെന്നൊക്കെയായി.
പൊന്നാനിയിലെ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റേണ്ടതുണ്ട്. കോവിഡ് സാഹചര്യത്തിൽ ആർക്കും എടുക്കാൻ ധൈര്യമില്ല. ഒടുവിൽ ഡിവൈഎഫ്‌ഐക്കാരായ അഭിജിത്തിനെയും ലെനിനെയും വിളിച്ചു. അവർ വേഗമെത്തി. ആംബുലൻസിൽ നിന്നും മൃതദേഹം മോർച്ചറിയിലേക്ക്. കോവിഡ് പരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി.
തിരികെ വീട്ടിലേക്കുള്ള വഴിയിൽ ഒരു ശൂന്യത വേട്ടയാടിയിരുന്നു. മുന്നിൽ ഒരാളെ കവർന്ന് മരണം കടന്നുപോയതിന്റെ നടുക്കം വിട്ടുമാറുന്നില്ല. ഒരു ബന്ധവുമില്ലാത്ത ഒരാൾ. അദ്ദേഹത്തിന്റെ അന്ത്യത്തിൽ ഒരു തലോടൽ നൽകിയെങ്കിലും ആശ്വാസമെത്തിക്കാൻ കഴിഞ്ഞുവല്ലോ എന്ന് സ്വയം കരുതി ആ ശൂന്യതയെ മറി കടക്കാനായിരുന്നു ശ്രമം…
പിന്നീട് ആരോഗ്യപ്രവർത്തകരുടെ വിളി വന്നു. മരിച്ചയാൾക്ക് കോവിഡ് പോസിറ്റീവാണ്. ഇതെഴുതുന്ന നേരം ഞാൻ ക്വാറന്റീനിൽ കഴിയുകയാണ്. സഹപ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവായതിന്റെ ആശ്വാസമുണ്ട്. മരിച്ചയാളുടെ പേര് രാമചന്ദ്രൻ. വയസ് 75. സ്ഥലം അജ്ഞാതം. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ബ്രോട്ട് ഡെത്ത് എന്ന് എഴുതിയ കുറിപ്പ് എന്റെ ശ്വാസം മുട്ടിക്കുന്നുണ്ട്. നീറ്റലുണ്ടാക്കുന്നുണ്ട്……
കോവിഡ് കാലം എല്ലാവര്‍ക്കും പുത്തന്‍ അനുഭവങ്ങളാണ് നല്‍കിയത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവം ഈ കാലം…
Posted by Dhanya Abid on Friday, 8 January 2021
നിങ്ങളാണ് സഖാവേ യഥാർത്ഥ സഖാവ്
ഇവൾ എൻ്റെ പ്രിയ സുഹൃത്ത് ധന്യ….. തിയേറ്റർ കേസ് പുറത്തു കൊണ്ടുവരാൻ അവസാനം വരെ പോരാടിയ,…
Posted by Radha Nandan on Thursday, 7 January 2021