കോന്നി: കണ്ണീരോടെ അപേക്ഷിച്ചെത്തിയ പ്ലസ്ടുകാരിയുടെ പരാതിയില്‍ ഞൊടിയിടയിലാണ് കെയു ജനീഷ് കുമാര്‍ എംഎല്‍എ പരിഹാരം കണ്ടത്. അമ്മയ്ക്ക് വേണ്ട ചികിത്സ ഏര്‍പ്പാടാക്കിയതിന് പുറമെ, പാതിവഴിയില്‍ നിലച്ച വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസത്തിന് കൂടിയാണ് എംഎല്‍എ നിമിഷ നേരംകൊണ്ട് പരിഹാരം കണ്ടത്. പരാതി പറഞ്ഞ കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് നടപടി കൈകൊണ്ടത്.
ജനങ്ങളുടെ പ്രശനങ്ങള്‍ അതിവേഗം പരിഹരിക്കാന്‍ ജനങ്ങള്‍ക്കിടയിലേക്ക് സര്‍ക്കാരിന്റെ എല്ലാ മേഖലയിലെയും വകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം കോന്നി മണ്ഡലത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ജനകീയ സഭയില്‍, കോന്നി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അമ്മയുടെ രോഗാവസ്ഥ കണ്ണുനീരോടെ വിവരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ അമ്മ പാലമറൂര്‍ ചിത്ര ഭവനില്‍ പി ശെല്‍വി (38) കഴിഞ്ഞ ഒരു വര്‍ഷമായി അപകടത്തില്‍ പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാതെ വീട്ടില്‍ കിടപ്പാണ്.
അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. അമ്മയ്ക്ക് കൂട്ടിരുന്ന് ചികിത്സ നടത്തുന്നതിനാല്‍ മകള്‍ക്ക് സ്‌കൂളില്‍ പോകാനും കഴിയുന്നില്ല. മേസ്തിരിമാര്‍ക്കൊപ്പം മെയ്ക്കാട് ജോലിക്കായി 20 വര്‍ഷം മുന്‍പാണ് തമിഴ്നാട് സ്വദേശിനിയായ സെല്‍വി പ്രമാടം പഞ്ചായത്തിലെത്തുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പത്തനംതിട്ട കുലശേഖരപതിയില്‍ വീടു നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ മതില്‍ ഇടിഞ്ഞു വീണാണ് ശെല്‍വിയ്ക്ക് പരിക്കേറ്റത്.
തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും, കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലും, കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും സെല്‍വിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതി തുടരുകയായിരുന്നു. ഫിസിയോ തെറാപ്പി ചെയ്യുന്നതിനു സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചു എങ്കിലും പണമില്ലാത്തതിനാല്‍ വീട്ടില്‍ തുടരുകയും സ്ഥിതി കൂടുതല്‍ ദയനീയമാകുകയായിരുന്നു.
കുട്ടിയുടെ എല്ലാ പ്രതീക്ഷയും കൈവിട്ടതോടെയാണ് ജനകീയ സഭയില്‍ കണ്ണീരോടെ എത്തിയത്. അമ്മയെ ചികിത്സിപ്പിക്കാന്‍ സഹായിക്കണം, എനിക്ക് പഠിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മകള്‍ അപേക്ഷിച്ചു. ശേഷം ശെല്‍വിയെ കാണാന്‍ എംഎല്‍എ വീട്ടിലെത്തുകയായിരുന്നു. ഇവരുടെ ദയനീയ സ്ഥിതി ബോധ്യപ്പെട്ട എംഎല്‍എ ഉടനടി അടിയന്തിര ചികിത്സാ സൗകര്യമൊരുക്കി.
ഡോക്ടര്‍മാരുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കടമ്മനിട്ടയിലുള്ള ഫിസിയോ തെറാപ്പി സൗകര്യമുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സ് വിളിച്ചു വരുത്തി സെല്‍വിയെ മാറ്റുകയും ചെയ്തു. ചികിത്സാ ചെലവിനാവശ്യമായ ക്രമീകരണവും എംഎല്‍എ ഏര്‍പ്പെടുത്തി. കുട്ടിക്ക് പഠനത്തിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും ചികിത്സാ സഹായം ലഭിക്കുന്നതിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താനും ജനീഷ് കുമാര്‍ എംഎല്‍എ പ്രത്യേക നിര്‍ദേശം നല്‍കുകയും ചെയ്തു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ടെത്തി പരാതികള്‍ പരിഹരിക്കുന്നതാണ് ‘ജനകീയസഭ’.
ജനപ്രതിനിധികളും, വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും അതാതു പ്രദേശങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും, പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജനകീയ സഭ. നൂറ്റമ്പത് ഇടങ്ങളില്‍ ആണ് ജനകീയ സഭ സംഘടിപ്പിക്കപ്പെടുന്നത്. ജനീഷ് കുമാര്‍ എന്ന യുവ എംഎല്‍എ യെ തെരഞ്ഞെടുക്കുമ്പോള്‍ ജനം അര്‍പ്പിച്ച പ്രതീക്ഷയും വിശ്വാസവും തെറ്റിച്ചില്ല എന്ന് കൂടി വീണ്ടും തെളിയിക്കുകയാണ് വ്യത്യസ്തവും മാതൃകാപരവുമായ ജനകീയസഭയിലൂടെ എംഎല്‍എ.
Discussion about this post