തിരുവനന്തപുരം: സംസ്ഥാന വൈദ്യുത ബോർഡിനെ വിവാദത്തിലാക്കിയ യുവസംരഭകന്റെ ആരോപണങ്ങൾ തെറ്റെന്ന് റിപ്പോർട്ട്. അടച്ചിട്ട തീയ്യേറ്ററിന് അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുത ബിൽ ചുമത്തിയെന്ന പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ജിജിമോൻ ജോസഫ് എന്ന സംരഭകന്റെ പരാതിയാണ് വ്യാജമെന്ന് കെഎസ്ഇബി വെളിപ്പെടുത്തിയിരിക്കുന്നത്.
മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും കെഎസ്ഇബി അന്യായമായി അതിഭീമമായ ബിൽ ചുമത്തി എന്ന ആരോപണം തെറ്റാണെന്നും ഫേസ്ബുക്കിലൂടെ കെഎസ്ഇബി വിശദീകരിക്കുന്നു.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് കുറിപ്പ്:
അടച്ചിട്ട സിനിമാ ശാലയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; വാർത്ത വസ്തുതാവിരുദ്ധം.
2020മാർച്ചു മുതൽ അടഞ്ഞുകിടന്ന സിനിമാ ശാലയ്ക്ക് കെ എസ് ഇ ബി അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബിൽ ചുമത്തി എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ല.
പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ശ്രീ ജിജിമോൻ ജോസഫ് നടത്തിയ വാർത്താ സമ്മേളനത്തിലെ ആരോപണമായിരുന്നു ഇക്കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളിൽ വാർത്തയായത്. മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന തന്റെ തിയറ്ററിന് കെ എസ് ഇ ബി അന്യായമായി അതിഭീമമായ ബിൽ ചുമത്തി എന്നായിരുന്നു ആരോപണം.
ഈ ആരോപണത്തിന്റെ വസ്തുത എന്തെന്ന് പരിശോധിക്കാം
ശ്രീ ജിജിമോൻ ജോസഫ്, അഞ്ചാനി സിനിമാസ്, പള്ളിയ്ക്കത്തോട് എന്ന പേരിൽ 1157073012958 എന്ന കൺസ്യൂമർ നമ്പരിൽ സിനിമാ തീയറ്ററിനായി LT 7C താരിഫിൽ 99 KVA കോൺട്രാക്ട് ഡിമാന്റ് വച്ച് പള്ളിയ്ക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുമാണ് മേൽപ്പറഞ്ഞ കണക്ഷൻ നൽകിയിരിക്കുന്നത്. 2020 ഫെബ്രുവരി മാസത്തെ വൈദ്യുതി ഉപയോഗത്തിന് 02.03.2020 ൽ നൽകിയ 1,52,998/ രൂപയുടെ ബിൽ ഉൾപ്പെടെ നാളിതുവരെ അദ്ദേഹം വൈദ്യുതി ബിൽ തുക അടച്ചിട്ടില്ല. അതിനു ശേഷവും പ്രതിമാസം ശരാശരി 2000 യൂണിറ്റ് ഉപയോഗം ഉണ്ടായതായും ശരാശരി 35000 രൂപ പ്രതിമാസ ബിൽ വന്നതായും കാണുന്നുണ്ട്. (ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉപകരണങ്ങൾ എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും പ്രവർത്തിപ്പിച്ചില്ലെങ്കിൽ തകരാറിലായിപ്പോകും എന്നായിരുന്നു പ്രതികരണം).
ലോക് ഡൗൺ കാലത്ത് കെ എസ് ഇ ബി ഇളവായി നൽകിയ ഫിക്സഡ് ചാർജ് റിബേറ്റ് തുകയായ 15,510 രൂപ കുറവു ചെയ്ത ശേഷം ഡിസംബർ മാസത്തെ ഉപയോഗം ഉൾപ്പെടെ 5,55,110/ രൂപ ഈ ഉപഭോക്താവിന് കുടിശികയായി നിലവിലുണ്ട്. ഇതിൽ ലോക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പുള്ള കുടിശ്ശികയും ഉൾപ്പെടും
വൈദ്യുതി ബിൽ കുടിശിക സംബന്ധിച്ച് പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ഓഫീസുമായി ബന്ധപ്പെടാനോ കുടിശ്ശിക തുക തവണകളായെങ്കിലും അടയ്ക്കുവാനോ തയ്യാറായിട്ടില്ല. അതെത്തുടർന്നാണ് 01012021 തീയതിയിൽ 5,21,505/ രൂപയുടെ വൈദ്യുതി വിച്ഛേദന നോട്ടീസ് നൽകിയിട്ടുള്ളത്.
അസത്യങ്ങളും അർദ്ധ സത്യങ്ങളും പറഞ്ഞ് കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം തികച്ചും ഖേദകരമാണ്.
#fakenews
അടച്ചിട്ട സിനിമാ ശാലയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; വാർത്ത വസ്തുതാവിരുദ്ധം.
2020മാർച്ചു മുതൽ അടഞ്ഞുകിടന്ന…
Posted by Kerala State Electricity Board on Friday, 8 January 2021