കൊളത്തൂര്‍: പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങളും, രോഗികള്‍ക്ക് പ്രതിമാസം 500 രൂപയും നല്‍കി സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ മുന്‍പോട്ട് പോവുകയാണ് മലപ്പുറത്തെ ഒരു ഭഗവതീക്ഷേത്രം. ഏവര്‍ക്കും മാതൃകയാവുകയാണ് ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കല്‍ ഭഗവതീക്ഷേത്രം.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി, ക്ഷേത്രസംരക്ഷണ സമിതി നടത്തുന്ന ‘സാന്ത്വനം’ പദ്ധതി എട്ടാംവര്‍ഷത്തിലേക്ക് കടക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് ഒരു ആരാധനാലയം എങ്ങനെ തുണയാകണമെന്ന ചിന്തയുടെ ഭാഗമായാണ് 2013-ല്‍ ‘സാന്ത്വനം’ പദ്ധതിക്ക് തുടക്കമിട്ടത്.
ക്ഷേത്രം, നിര്‍ധനരായ 15 രോഗികള്‍ക്കാണ് ഇപ്പോള്‍ പ്രതിമാസം 500 രൂപവീതം പെന്‍ഷന്‍ നല്‍കുന്നത്. വര്‍ഷത്തില്‍ 180 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. എല്ലാ പത്താംതീയതിയും തുക അവരുടെ വീടുകളിലെത്തിക്കും. കൂടെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവും സ്‌കോളര്‍ഷിപ്പും ഈ ക്ഷേത്രം നല്‍കുന്നുണ്ട്.
നിര്‍ധനരോഗികള്‍ക്ക് വേറേയും ചികിത്സ സഹായം കൂടി നല്‍കുന്നുണ്ട്. ഇത് എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും നല്‍കും, മതവ്യത്യാസമില്ലാതെയാണ് ക്ഷേത്രത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. കഴിഞ്ഞവര്‍ഷം മൂന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനനച്ചെലവ് ക്ഷേത്രം ഏറ്റെടുത്തിരുന്നു. ഈവര്‍ഷം ഒരു ബിരുദ വിദ്യാര്‍ഥിയുടെയും ഒരു ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയുടെയും പഠനച്ചെലവ് ഏറ്റെടുത്തിട്ടുണ്ട്.
ക്ഷേത്രവരുമാനത്തില്‍നിന്നുള്ള നിശ്ചിത ശതമാനവും സുമനസ്സുകളുടെ സംഭാവനയും ചേര്‍ത്താണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നത്. കൊവിഡ് മഹാമാരി പ്രതിസന്ധിയിലും പാവങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇവിടുത്തുകാര്‍ മറന്നിട്ടില്ല.