കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും കിഴക്കമ്പലം പഞ്ചായത്തിന് പുറത്തേക്ക് വളരുകയും ചെയ്ത ട്വന്റി20 പാർട്ടിയെ കൂട്ടുപിടിക്കാൻ കോൺഗ്രസിന്റെ രഹസ്യചർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ട്വന്റി20 ആലോചിക്കുന്നതിനിടെയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ ട്വന്റി20യുമായി രഹസ്യ ചർച്ച നടത്തിയതെന്നാണ് സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രാത്രിയോടെ ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയിലെത്തിയെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തത്. ഉമ്മൻചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും ചർച്ചയ്ക്ക് എത്തിയെന്നും റിപ്പോർട്ടിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ് പരാജയപ്പെട്ട് നാണക്കേടിലായിരുന്നു. ട്വന്റി20യാകട്ടെ കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു.
കൂടാതെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും ട്വന്റി20 വിജയിക്കൊടി പാറിച്ചു. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ട്വന്റി20ക്ക് സാധിച്ചു. അതേസമയം, എറണാകുളത്ത് ട്വന്റി20 വളരുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാകുന്നുണ്ട്. ഇതിനു പരിഹാരം കാണാനാണ് ട്വന്റി20യുമായി കോൺഗ്രസ് ബാന്ധവം ആലോചിക്കുന്നത്.
കോൺഗ്രസിന് മേൽക്കൈയുള്ള ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് ഏത് വിധേനയും തടയുന്നതിന്റെ ഭാഗമായാണ് നേതാക്കൾ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബുഎം ജേക്കബിന്റെ വസതിയിലെത്തി ചർച്ച നടത്തിയതെന്നാണ് വിവരം. എന്നാൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള തീരുമാനത്തിൽനിന്നും തങ്ങൾ പിന്നോട്ടില്ലെന്ന സൂചനയാണ് ട്വന്റി20 നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് ട്വന്റി20 മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ പറവൂർ, പെരുമ്പാവൂർ, പിറവം, ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും മത്സരിക്കുന്നതിനും ആലോചനകൾ നടക്കുന്നുണ്ട്. ഇതോടെ വേരുകളുള്ള സ്ഥലങ്ങൾ കടപുഴകുമോ എന്ന ആശങ്കയും കോൺഗ്രസ് പാർട്ടിയെ തളർത്തുന്നുണ്ട്.