സന്നിധാനം: ശബരിമല ക്ഷേത്ര ശ്രീകോവിലിന് പുതിയ വാതില്‍ ഒരുങ്ങുന്നു. നിലവിലുള്ള വാതില്‍ ജീര്‍ണ്ണിച്ചതിനെ തുടര്‍ന്നാണ് പുതിയ വാതില്‍ എന്ന ആശയത്തിലേയ്ക്ക് എത്തിയത്. സന്നിധാനത്തെത്തിച്ച വാതില്‍ പാളികളുടെ അളവെടുപ്പ് പൂര്‍ത്തിയായി. നിലമ്പൂര്‍ കാട്ടില്‍ നിന്നുള്ള ഒറ്റത്തടി തേക്കിലാണ് പുതിയ ശ്രീകോവില്‍ വാതില്‍ പണിതിരിക്കുന്നത്.
വാതില്‍ പാളികളും സൂത്രപ്പട്ടികയും ചെമ്പുപാളി പതിക്കുന്നതിന് മുന്നോടിയായി സന്നിധാനത്ത് എത്തിച്ച് അളവെടുപ്പ് പൂര്‍ത്തിയാക്കി. ചെമ്പ് പാളി പതിച്ചതിന് ശേഷം ഹൈദരാബാദില്‍ സ്വര്‍ണം പൂശുന്നതിനായി വാതില്‍ കൊണ്ട് പോകും. സ്വര്‍ണം പൂശുന്ന ജോലി ഏറ്റെടുത്തിട്ടുള്ള സംഘവും നിര്‍മ്മാണം ഏറ്റെടുത്ത സംഘത്തോടൊപ്പമുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിലെ തച്ചുജോലി ചെയ്തിട്ടുള്ള ഗുരുവായൂര്‍ സ്വദേശി ഇളവള്ളി നന്ദന്റെ നേതൃത്വത്തിലുള്ള തച്ചന്മാരാണ് വാതിലിന്റ നിര്‍മ്മാണ ചുമതല.
ബംഗളൂരുവില്‍ നിന്നുള്ള മൂന്ന് പേരാണ് വാതില്‍ സംഭാവന ചെയ്തിരിക്കുന്നത്. മണ്ഡലമാസ പൂജാകാലത്ത് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. വാതിലില്‍ പൂശുന്നതിന് നാല് കിലോ സ്വര്‍ണം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ശ്രീകോവില്‍ വാതിലുകള്‍ മാറ്റണമെന്ന് ദേവപ്രശ്‌ന വിധിയിലും ഉണ്ടായിരുന്നു.