ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. എംപിമാര്‍ക്ക് എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുമതി നല്‍കേണ്ട എന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി.പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്ന കാരണം കൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
ഹൈക്കമാന്‍ഡ് തീരുമാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന എംപിമാരുടെ ആഗ്രഹം സഫലമാകാതെ പോകും. എംപിമാരില്‍ ചിലര്‍ കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയര്‍ന്നുകേട്ടത്. ഒപ്പം അടൂര്‍ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കും എന്നൊക്കെ സൂചനകളുണ്ടായിരുന്നു.
ചില മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചാലേ വിജയ സാധ്യതയുള്ളൂവെന്ന വിലയിരുത്തലും വന്നിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിന് അംഗസംഖ്യ കുറവായ സാഹചര്യത്തില്‍ എംപിമാര്‍ മത്സരിക്കേണ്ട എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ എംപിമാരുടെ നിയമസഭ തെരഞ്ഞെടുപ്പ് മോഹത്തിന് കനത്ത തിരിച്ചടിയായി. ഈ തീരുമാനം വരുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കനത്ത പ്രഹരം സൃഷ്ടിച്ചേക്കും.