കോഴിക്കോട്: കോഴിക്കോട്ടെ മലയോരമേഖലയിലും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കി.
അതേസമയം കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചിറ്റാരിപ്പറമ്പ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ രോഗ ഉറവിടം വ്യക്തമല്ല. രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ജില്ലയില്‍ ഒരാള്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു.
എന്താണ് ഷിഗല്ല
വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ആയതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.
ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ഷിഗല്ലരോഗ ലക്ഷണങ്ങള്‍:
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം.
പ്രതിരോധ മാര്‍ഗങ്ങള്‍:
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
* ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
* വ്യക്തിശുചിത്വം പാലിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
* കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്കരിക്കുക.
* രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
* പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
* ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
* രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
* രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക.
* കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക
Discussion about this post