തിരുവനന്തപുരം: കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക സമരം രാജ്യത്തെ മഹത്തായ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുത്തകകളെ സഹായിക്കുന്നവയാണ് കാര്‍ഷികനിയമങ്ങളെന്നും താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമെന്നും ഇത് കേരളത്തിന് തിരിച്ചടിയാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകുന്ന നിയമമാണ്, കാര്‍ഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും, കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്, കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും, പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
കാര്‍ഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വാണിജ്യ കരാറുകള്‍ക്കും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. കാര്‍ഷിക-വാണിജ്യ കരാറുകളെ അപലപിച്ച ഗവര്‍ണര്‍ വാണിജ്യ കരാറുകള്‍ റബ്ബര്‍ കര്‍ഷകരെ തകര്‍ക്കുമെന്നും പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് സാധാരണ ജനജീവിതത്തെ ബാധിച്ചെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. മുന്നോട്ടുള്ള പാതയും ദുര്‍ഘടമാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേസമയം, ഗവര്‍ണര്‍ക്ക് എതിരായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സഭ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം.
ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ തന്റെ നീരസം അറിയിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം തടസപ്പെടുത്തരുതെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് സഭ വിട്ട പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Discussion about this post