‘മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തി’; കൊവിഡ് ഭേദമായി ആശുപത്രിവിട്ടതിന് പിന്നാലെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് വി.എം സുധീരന്‍

vm sudheeran, kk shylaja | bignewslive

തിരുവനന്തപുരം: കൊവിഡ് ഭേദമായി ആശുപത്രിവിട്ടതിനു പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നതായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞാന്‍ കൊവിഡ് പോസിറ്റീവ് ആയതിന് അരമണിക്കൂറിനകം തന്നെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിച്ചുവെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഡോക്ടര്‍മാരോടും മറ്റു ആരോഗ്യപ്രവര്‍ത്തകരോടുമെല്ലാം നന്ദി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്.

ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷര്‍മ്മദ്, ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദന്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടര്‍മാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്‌സിനോടും ടെക്‌നീഷ്യന്‍സിനോടും മറ്റ് എല്ലാ വിഭാഗത്തില്‍പ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കണ്‍സള്‍ട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

എന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിന്‍ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകള്‍ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തില്‍ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കി തന്ന കാന്റീന്‍ലെ സജീവനെയും സഹപ്രവര്‍ത്തകരെയും സന്തോഷത്തോടെ മനസ്സില്‍ കാണുന്നു.

ആശുപത്രിവാസക്കാലത്ത് ആവശ്യമുള്ള സാധനസാമഗ്രികള്‍ എത്തിച്ചു തരുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തിയ കുമാരപുരം രാജേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു…രോഗ വിവരം അറിഞ്ഞു വിവരങ്ങള്‍ അന്വേഷിക്കുകയും സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..

Exit mobile version