കൊച്ചി: ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെ അനധികൃതമായി വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട സംഭവത്തിൽ അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. നാലുപേരാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. എറണാകുളം ജില്ല കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
ഇവർക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വി ഫോർ കൊച്ചി കൂട്ടായ്മ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ശനിയാഴ്ച മേൽപ്പാലം തുറന്നുകൊടുക്കാനിരിക്കെ ഒരു കൂട്ടമാളുകൾ ബാരിക്കേഡുകൾ മാറ്റി വാഹനങ്ങൾ കടത്തിവിട്ടത് വി ഫോർ കൊച്ചിയുടെ ഗൂഢാലോചനയെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വി ഫോർ കൊച്ചി പ്രവർത്തകർ കഴിഞ്ഞ ദിവസം മേൽപ്പാലത്തിൽ പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പാലത്തിലേക്ക് പ്രവേശിച്ച വാഹനങ്ങളിലുണ്ടായിരുന്നവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുവെന്നും പോലീസ് പറഞ്ഞു.
Discussion about this post