നഗരൂർ: കഷ്ടപ്പാടിനും ഏകാന്തതയ്ക്കും ഇടയിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ നഗരൂർ ഇടവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ എം തങ്കപ്പനെ(72) തേടി ഭാഗ്യദേവത എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് തങ്കപ്പനെ തേടിയെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ W 597 നമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തങ്കപ്പന് ലഭിച്ചത്. സമ്മാനം നേടിയ ടിക്കറ്റ് WR 746417 നമ്പർ ടിക്കറ്റ് ഇന്ത്യൻ ഓവർസീസ് ബാങ്ക് നഗരൂർ ശാഖയിൽ തങ്കപ്പൻ ഏൽപിച്ചിട്ടുണ്ട്. നഗരൂർ ബാങ്കിനു മുന്നിൽ സൈക്കിളിൽ ഭാഗ്യക്കുറി ടിക്കറ്റ് വിൽക്കുന്ന സുലൈമാന്റെ പക്കൽ നിന്നും തിങ്കൾ രാവിലെയാണ് ടിക്കറ്റ് എടുത്തത്.
അന്നു ഉച്ചയ്ക്ക് തന്നെ വന്ന നറുക്കെടുപ്പ് ഫലത്തിൽ ഒന്നാം സമ്മാനം തങ്കപ്പനാണെന്ന് വ്യക്തമാവുകയായിരുന്നു. നേരത്തെ കൂലിപ്പണി ആയിരുന്ന തങ്കപ്പൻ കാലിന് അസുഖം ബാധിച്ചതോടെ 4 വർഷം മുൻപാണ് നഗരൂർ ജംക്ഷനിൽ ഉന്തുവണ്ടിയിൽ കച്ചവടം തുടങ്ങിയത്.
തങ്കപ്പൻ കുടുംബവുമായി അകന്നു കഴിയുന്നതിനാൽ ഒറ്റയ്ക്കാണ് താമസം. ഇപ്പോൾ താമസിക്കുന്ന 5 സെന്റും ചെറിയ വീടും വീട് ഇല്ലാത്ത അർഹതപ്പെട്ടവർക്ക് ദാനമായി നൽകി മറ്റൊരു 5 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി പുതിയ വീട് നിർമ്മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തങ്കപ്പൻ പറഞ്ഞു.
Discussion about this post