നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ രാജൻ-അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച ദാരുണ സംഭവത്തിൽ ഉദ്യോഗസ്ഥരുടെയടക്കം വീഴ്ച വിശദീകരിക്കുന്ന വൻവഴിത്തിരിവ്. ഭൂമി തർക്കത്തിലുള്ള നാല് സെന്റ് സ്ഥലം പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. വസന്ത നിലവിൽ താമസിക്കുന്ന സമീപത്തെ തന്നെ വീടും എട്ടു സെന്റ് സ്ഥലവും വസന്തയുടെ കൊച്ചുമകൻ എഎസ് ശരത്കുമാറിന്റെ പേരിലാണ്. ഈ രണ്ടു വസ്തുവും വസന്ത വാങ്ങുന്നത് 2007ലാണെന്നും അന്ന് ശരത്കുമാറിന് എട്ടുവയസ്സ് മാത്രം പ്രായമാണെന്നും രേഖകൾ കാണിക്കുന്നു. മനോരമയാണ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ, ഇതേ ഭൂമി മറ്റു മൂന്നു പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നിന്നു വിവരാവകാശ രേഖ രാജനു നൽകിയിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജൻ നിയമത്തിന്റെ സഹായം തേടിയത്. രാജനും കുടുംബവും താമസിച്ചിരുന്ന അതിയന്നൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 21 റീസർവേ 852/16 ലെ നാലു സെന്റാണ് വസന്തയുടെ പേരിലുള്ളത്. സമീപത്തെ 852/17, 852/18ലെ എട്ടു സെന്റ് ഭൂമി എഎസ് ശരത്കുമാറിന്റെ പേരിലും.
രാജന് മുമ്പ് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നിന്നു ലഭിച്ച രേഖയിൽ ഇതേ ഭൂമി വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ എസ് സുകുമാരൻ നായർ, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണു രാജൻ നിയമ വിദഗ്ധരുടെ സഹായം തേടിയത്. പട്ടയം ലഭിച്ചയാൾ ഭൂമി ഉപേക്ഷിച്ചു പോയതിനാൽ, ഈ ഭൂമിയിൽ താമസിക്കാനും താലൂക്ക് ഓഫീസിൽ തന്റെ പേരിൽ പട്ടയം ലഭിക്കാൻ അപേക്ഷ നൽകാനും രാജനു നിയമോപദേശം ലഭിച്ചുവെന്നാണ് കരുതുന്നത്.
രേഖകൾ പരിശോധിച്ചാൽ വെൺപകൽ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ ഉടസ്ഥർക്കു പട്ടയം നൽകുന്നത് 1989ലാണ്. പത്തുവർഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നൽകിയത്. ആദ്യ ഉടമകൾ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി.
കൂരയ്ക്കായി സ്ഥലം തേടി നടന്ന രാജൻ ഒഴിഞ്ഞു കിടന്ന ഭൂമിയിൽ ഷെഡ് നിർമ്മിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുൻപായിരുന്നു. മാസങ്ങൾക്കുശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജൻ സെപ്റ്റംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നത്. ഈ രേഖകൾ സത്യമാണെന്ന് വിശ്വസിച്ചാണ് രാജൻ നിയമപോരാട്ടം നടത്തിയത്.