തളിക്കുളം: കടലില്‍ ദിക്കറിയാതെ മരണത്തോട് മല്ലടിച്ച നാല് ജീവനുകള്‍ക്ക് പുതുജീവനേകി 19കാരന്‍ ദേവാങ്കിന്റെ ഡ്രോണ്‍. അപകടം നടന്ന് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും പ്രതീക്ഷകള്‍ കെട്ടടങ്ങിയിരുന്നു. എന്നാല്‍ ആ മങ്ങിയ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു തളിക്കുളത്തെ അമൂല്യ ജുവല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയില്‍ സുബിന്റെ മകന്‍ ദേവാങ്ക്.
രാവിലെയാണ് വാര്‍ത്താ ചാനലുകളില്‍ കടലില്‍ വള്ളം തകര്‍ന്ന് നാലു പേരെ കാണാതായ വാര്‍ത്തകള്‍ നിറഞ്ഞച്. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകളുമായിരുന്നു അത്. രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച് അച്ഛന്‍ അപകട വിവരം അറിയിക്കുന്നത്.
കേട്ടപ്പാടെ കൈയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്‌നേഹതീരത്തേക്ക് ഓടി. വള്ളം തകര്‍ന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമാണ് പ്രതീക്ഷകള്‍ മങ്ങുമ്പോള്‍ ആശ്വാസകരമായി ഡ്രോണ്‍ പറത്തിയത്. കരയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലെത്തിയപ്പോള്‍ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോണ്‍ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന് ദേവാങ്ക് പറയുന്നു.
അതിനെയെല്ലാം അതിജീവിച്ച് ദേവാങ്ക് ഡ്രോണ്‍ പറത്തി മുന്‍പോട്ട് പോയി. പറത്തുന്നതിനേക്കാള്‍ പ്രയാസമായിരുന്നു ബോട്ടിലേക്ക് സെയിഫായി ഡ്രോണ്‍ തിരികെ ലാന്‍ഡ് ചെയ്യിക്കുക എന്നത്. തിരച്ചിലിനിടയില്‍ കുടങ്ങള്‍ക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോണ്‍ പകര്‍ത്തുകയായിരുന്നു.
പത്ത് മിനുട്ട് വൈകിയിരുന്നെങ്കില്‍ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന് ദേവാങ്ക് പറയുന്നു. ബോട്ടിലേക്ക് പിടിച്ചു കയറ്റിയതും ആ മനുഷ്യന്‍ ബോധം കെട്ട് വീണു പോയിരുന്നു. അത്രമേല്‍ അവശനായിരുന്നു. ബംഗളൂരുവില്‍ ബി ടെക്ക് എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ദേവാങ്ക്.
ഒരു ദുരന്ത മുഖത്ത് ഒരല്‍പം പോലും പതറാതെ, മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹായത്തിനായി കാത്തുനില്‍ക്കാതെ, തന്റെ കൈയ്യിലുള്ള ഒരു ഡ്രോണുകൊണ്ട് നാല് വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയ ദേവാങ്ക് ഇപ്പോള്‍ തളിക്കുളത്തെ താരമായിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലും ദേവാങ്കിന് അഭിനന്ദനപ്രവാഹമാണ്.
Discussion about this post