വര്‍ഗീയ വിഷം പടര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ശബരിമലയില്‍ നടന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് ശബരിമലയ്ക്ക് സമാനമല്ലെന്നും സിവില്‍ സ്വഭാവത്തിലുള്ളതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വര്‍ഗീയ വികാരം ഇളക്കിവിട്ട് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി മുതലെടുക്കാനുള്ള ശ്രമമാണ് ശബരിമലയിലുണ്ടായതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പിറവം പള്ളിക്കേസില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രതിഷേധക്കാര്‍ പൊതു – സ്വകാര്യ മുതല്‍ നശിപ്പിക്കുകയും ഭക്തരെയും മാധ്യമങ്ങളെയും പൊലീസിനെയും ആക്രമിക്കുകയുമായിരുന്നു.
ചില കേസുകളില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയ സര്‍ക്കാര്‍ പിറവം കേസില്‍ വിധി നടപ്പാക്കുന്നില്ലെന്ന് നേരത്തെ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സര്‍ക്കാര്‍ വിശദീകരണം .
പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റു പ്രശ്‌നങ്ങളെപ്പോലെയല്ല പിറവം പള്ളിക്കേസ്. ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മലങ്കര സഭാ തര്‍ക്കം നിലനില്‍ക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്‌നം വ്യാപിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
Discussion about this post