തിരുവനന്തപുരം: കൊവിഡ് വാക്സിന് ലഭിക്കാനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫോണിലൂടെയും ഇ മെയില്‍ മുഖേനയും പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമെന്ന് കേരള പോലീസ്. കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കൊവിഡ് വാക്സിന് സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി. കൊവിഷീല്‍ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കൊവിഷീല്‍ഡ് തന്നെ കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്സിന് ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വാക്സിന് വിതരണമെങ്ങനെ എന്നതില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കോവിഡ് വാക്സിന് രജിസ്ട്രേഷന്: വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക
COVID-19 വാക്സിന് ലഭിക്കാനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫോണിലൂടെയും ഇ മെയില്‍ മുഖേനയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പേര് രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൂര്‍ പണം അടയ്ക്കാനായി പേയ്മെന്റ് ലിങ്കുകള്‍ നല്കി പൊതുജനങ്ങളെ കബളിപ്പിക്കാനും, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പു നടത്താനും സാധ്യതയുണ്ട്.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ വെബ്സൈറ്റുകളോ അറിയിപ്പുകളോ മാത്രം ശ്രദ്ധിക്കുക. വ്യാജ ഇ മെയില്‍ സന്ദേശങ്ങളും ഫോണ്‍സന്ദേശങ്ങളും അവഗണിക്കുക. കൂടാതെ ഇതിനായി നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുക.
Discussion about this post