ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടിടത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷൻ പരിധിയിലും കുത്തിയതോടുമാണ് പ്രതികൾക്ക് നേരെ ആക്രമണമുണ്ടായത്. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സിപിഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സഹോദരന്മാർ തമ്മിലുള്ള തർക്കം അന്വേഷിക്കാൻ എത്തിയപ്പോഴാണ് കുത്തിയതോട് സ്‌റ്റേഷനിലെ സിപിഒ വിജേഷിന് കുത്തേറ്റത്.
വധശ്രമക്കേസിലെ പ്രതി ലിനോജിനെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ സിപിഒ സജേഷിന് നേരേ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജ് സജേഷിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ലിനോജിനെ പിന്നീട് സൗത്ത് സിഐയുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് പിടികൂടി. മറ്റൊരു പ്രതി കപിൽ ഷാജിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സിഐക്കും പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി പത്തുമണിയോടടുത്ത് വലിയചുടുകാടിനു തെക്കുഭാഗത്താണു സംഭവം. രാത്രി എട്ടോടെ കൃഷ്ണനിവാസിൽ ജീവൻ കുമാറിന്റെ വീട്ടിൽ ലിനോജ്, കപിൽ ഷാജി എന്നിവർ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം.
ജീവൻ കുമാറിന്റെ ഇളയമകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഇളയമകനെ കിട്ടാതെ വന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശി ജീവൻകുമാറിനും മൂത്തമകനും പരിക്കേൽപ്പിച്ചിരുന്നു. വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. മഴ പെയ്ത് വൈദ്യുതി പോയതും തെരച്ചിലിനെ ബാധിച്ചു. മഴമാറി വീണ്ടും പരിശോധിച്ചപ്പോൾ പ്രതികളിലൊരാളായ ലിനോജിനെ കണ്ടെത്തുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന വാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരു കൈകളിലുമായി 24 ഓളം തുന്നലുകളാണ് സജേഷിനുള്ളത്. സജേഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post