കുന്നംകുളം: തള്ളക്കോഴിയെ കാട്ടുപൂച്ച പിടിച്ചതിന് പിന്നാലെ തനിച്ചായ കുഞ്ഞുങ്ങളെ പരിപാലിച്ച് പൂവന്‍കോഴി. നാല് കുഞ്ഞുങ്ങള്‍ക്കാണ് ഈ പൂവന് കോഴി കാവലാളായി മാറുന്നത്. കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുത്തും ചിറകിലൊളിപ്പിച്ചും നിരന്തരം കാവലിരിക്കുകയാണ് പൂവന്‍കോഴി.
പെങ്ങാമുക്ക് കൂനത്ത് രവീന്ദ്രനാഥിന്റെ വീട്ടിലാണ് കൗതുകക്കാഴ്ച. അമ്മക്കോഴിയെ ഒരു മാസം മുമ്പാണ് പൂച്ച പിടിച്ചത്. കരഞ്ഞുനടന്നിരുന്ന കുഞ്ഞുങ്ങളുടെ സംരക്ഷകനായി പൂവന് കോഴി എത്തുകയായിരുന്നു. ഒപ്പം നടത്തി തീറ്റ കണ്ടെത്തി നല്കി. അടുത്തെത്തുന്നവരെ ആട്ടിയോടിച്ചു. ചിറകിനടിയില്‍ ഇരുത്തി ചൂട് നല്കി.
കുഞ്ഞുങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് അച്ഛന് കോഴിയുടെ പരിപാലനം. വൈകീട്ട് കൂട്ടില്‍ കയറിയാല്‍ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിക്കും. പ്രായമായതോടെ കുഞ്ഞുങ്ങളെ അകറ്റിനിര്‍ത്തേണ്ട സമയമായി. എന്നാല്‍ പൂവന്‍കോഴി അതിന് തയ്യാറായിട്ടില്ല.
പൂവന്‍കോഴിയുടെ പിതൃസ്നേഹത്തെ കുറിച്ച് ‘നാടന്‍കോഴി സ്നേഹികള്‍’ എന്ന ഗ്രൂപ്പില്‍ രവീന്ദ്രനാഥ് പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും ഇതിനകം വൈറലായി കഴിഞ്ഞു. ചിലര്‍ മോഹവില നല്കി വാങ്ങാന്‍ തയ്യാറായി. എന്നാല്‍, കുഞ്ഞുങ്ങളെ ആര്‍ക്കും നല്‍കില്ലെന്ന നിലപാടിലാണ് രവീന്ദ്രനാഥ്.
Discussion about this post