അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതിയില്ല; മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിവരം ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് അനിലിന്റെ കുടുംബവും ബന്ധുക്കളും നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ കായംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയപ്പോഴും അസ്വാഭാവിക മരണത്തിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അതേസമയം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിട്ടുനല്‍കിയ മൃതദേഹം കായംകുളത്തേക്ക് കൊണ്ടുപോയി.

ഇന്നലെ രാത്രിയോടെയാണ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version