കണ്ണൂര്‍: കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ മാത്രമായി ഒരു പരീക്ഷയ്ക്കും തയാറെടുക്കരുതെന്ന് യതീഷ് ചന്ദ്ര ഐപിഎസ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യതീഷ് ചന്ദ്ര ഉപദേശം നല്‍കുന്നത്. മാര്‍ക്ക് കിട്ടിയ ശേഷം ആ വിഷയം മറന്നു പോകുന്നത് മാര്‍ക്ക് കിട്ടാന്‍ മാത്രം പഠിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, അറിയാന്‍ വേണ്ടി ആസ്വദിച്ചു പഠിച്ചാല്‍ ആ വിവരങ്ങള്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനും വേണ്ട സമയത്ത് ജീവിതത്തില്‍ പ്രായോഗികമാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യതീഷ് ചന്ദ്രയുടെ വാക്കുകള്‍;
നമ്മുടെയെല്ലാം വീട്ടില്‍ ഗ്യാസ് അടുപ്പ് ഉണ്ട്. ഇതില്‍ ഉപയോഗിക്കുന്നത് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസാണ്. ഗ്യാസ് ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസാണ് ഇന്ധനം. ഫാക്ടറികളില്‍ വിവിധ പ്രവര്‍ത്തങ്ങള്‍ക്ക് ഇന്ധനമാകുന്നത് പല വാതകങ്ങളാണ്. നമുക്ക് ചുറ്റും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ വേര്‍തിരിച്ച് അറിയുന്നത് കൗതുകമുള്ള കാര്യമല്ലേ.
ചരിത്രമാണ് നമ്മള്‍ പഠിക്കുന്നത് എന്നു കരുതുക. കുറേ വര്‍ഷങ്ങളും പലായനങ്ങളും യുദ്ധവുമൊക്കെ കാണാപ്പാഠം പഠിച്ചിട്ട് എന്തുകാര്യം എന്നു ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. പണ്ടുകാലത്ത് ഉണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് ചരിത്രം പഠിക്കുന്നത്. തെറ്റുകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ അപഗ്രഥിച്ചു പഠിക്കണം.
തെറ്റുകള്‍ക്കു മേല്‍ വിജയം എങ്ങനെ നേടി എന്ന് അറിയണം. അപ്പോഴേ തെറ്റുകളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെ ഒഴിവാക്കാനാകൂ. ഇങ്ങനെ പഠിക്കുന്നവര്‍ പരീക്ഷയില്‍ മാത്രമല്ല, ജീവിതത്തിലും സക്‌സസ് ആകും. ഒരു വിഷയത്തിലും അയാളെ തോല്‍പ്പിക്കാനാകില്ല. സിവില്‍ സര്‍വീസ് മാത്രമല്ല, ബിസിനസുകാരനായാലും മാനേജ്‌മെന്റ് വിദഗ്ധനായാലുമൊക്കെ വിജയം ഒപ്പം കാണും.
പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂളില്‍ പഠിപ്പിക്കുന്ന കാര്യങ്ങളെല്ലാം നന്നായി ആസ്വദിച്ചു പഠിക്കുന്നതാണ് ഏതു കരിയറിലേക്കും ചുവടു വയ്ക്കുന്നതിന്റെ അടിസ്ഥാനം. ഓരോ വര്‍ഷവും പഠിച്ച കാര്യങ്ങള്‍ അടുത്ത വര്‍ഷം മറന്നു പോകുന്നത് അത്ര നല്ലതല്ല. ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് അറിഞ്ഞും ആസ്വദിച്ചും പഠിക്കുന്നിടത്തു നിന്നാണ് വലിയ വിജയങ്ങളുടെ വാതില്‍ തുറക്കുന്നത്.
ഒരു ചോദ്യം ചോദിക്കട്ടെ. എല്ലാവര്‍ക്കും പുത്തനുടുപ്പ് കിട്ടുന്നത് സന്തോഷമാണ്. ഡ്രസ് വാങ്ങാന്‍ കടയില്‍ പോകുമ്പോഴാണ് കോട്ടന്‍, മിക്‌സഡ് കോട്ടന്‍, ജ്യൂട്ട് മിക്‌സ്, പോളി കോട്ടന്‍, ലിനന്‍ എന്നൊക്കെയുള്ള വാക്കുകള്‍ കേള്‍ക്കുന്നത്. നമ്മള്‍ വാങ്ങുന്നത് ഏതു തരം തുണിയാണെന്നു മാത്രമേ നമ്മള്‍ അന്വേഷിക്കാറുള്ളൂ. എന്തുകൊണ്ടാണ് കോട്ടനില്‍ തന്നെ ഇത്രയധികം വെറൈറ്റി വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുന്നയാള്‍ ഇന്ത്യയില്‍ എവിടെയാണ് പരുത്തി കൃഷി ചെയ്യുന്നത് എന്നു മുതല്‍ അന്വേഷിച്ചു തുടങ്ങും. അത്ര ആഴത്തില്‍ പഠിക്കാനാകുന്നത് ചെറിയ കാര്യമല്ല. സിവില്‍ സര്‍വീസ് ലക്ഷ്യം വച്ച് പഠിക്കുന്നവര്‍ മനസ്സില്‍ വയ്‌ക്കേണ്ട വിജയമന്ത്രവും ഇതു തന്നെ, കഷ്ടപ്പെട്ട് പഠിക്കരുത്, ഇഷ്ടപ്പെട്ടു പഠിക്കണം.