തിരുവനന്തപുരം: ഐഎഫ്എഫ്കെ തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഐഎഫ്എഫ്കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും. ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നില്‍. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും എന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഐഎഫ്എഫ്കെ തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തെ എതിര്‍ത്ത് ശശി തരൂര്‍ എംപിയും കെഎസ് ശബരിനാഥന് എംഎല്‍എയും വി എസ് ശിവകുമാര്‍ എംഎല്‍എയും രംഗത്ത് വന്നിരുന്നു.
സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ഐഎഫ്എഫ്കെ പൂര്‍ണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളില്‍ ഭാഗികമായി നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള് വളര്‍ത്തിയെടുത്ത ‘തിരുവനന്തപുരം’ എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ ഐഎഫ്എഫ്കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകും എന്നായിരുന്നു ശബരിനാഥന് എംഎല്‍എയുടെ വിമര്‍ശനം.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നാലു മേഖലകളിലായാണ് ഇത്തവണ ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്.
ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി വിവിധ സ്ഥലങ്ങളില്‍ മേള സംഘടിപ്പിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടം കൂടുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കുന്നതല്ല.
കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ തന്നെ പ്രതിനിധികള്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്തേണ്ടതാണ്. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. തെര്‍മല്‍ സ്കാനിഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. ഓരോ പ്രദര്‍ശനം കഴിയുമ്പോഴും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യുന്നതാണ്.
ഡെലിഗേറ്റുകള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം മേളയില്‍ പങ്കെടുക്കേണ്ടത്. മേള സംഘടിപ്പിക്കുന്ന ഇടങ്ങളില്‍ എല്ലാം ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കുന്നതാണ്. കൊവിഡ് നെഗറ്റീവ് ആണ് എന്നുള്ള സര്‍ട്ടിഫിക്കറ്റ് (മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്തത്) ഹാജരാക്കുന്നവര്‍ക്കും പാസ് അനുവദിക്കുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
IFFK വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും . ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതില്‍ ഒരു സംശയവും, ആശങ്കയും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നില്‍. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും.
Discussion about this post