‘ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങള്‍ക്ക് വേണം. ഇവിടെ തന്നെ ഞങ്ങള്‍ക്ക് വീട് വച്ചുതന്നാല്‍ മതി. ഈ മണ്ണ് വിട്ട് ഞങ്ങള്‍ എങ്ങോട്ടുമില്ല..’ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ മക്കളുടെ കണ്ണീരിന്റെ വാക്കായിരുന്നു ഇത്. കേരളത്തിന്റെ ഹൃദയത്തെ തൊട്ട ഈ വാക്കുകള്‍ വന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജന്റെ കുട്ടികളുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് വ്യവസായിയായ ബോബി ചെമ്മണൂര്‍.
വസ്തുവില്‍ തര്‍ക്കമുന്നയിച്ച വസന്തയില്‍ നിന്നും ആ ഭൂമി വാങ്ങി കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തു കൊടുത്തിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. വസന്ത പറഞ്ഞ വില നല്‍കിയാണ് ബോബി ചെമ്മണ്ണൂര്‍ സ്ഥലം വാങ്ങി നല്‍കിയത്. കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഇന്ന് തന്നെ കുട്ടികള്‍ക്ക് കൈമാറും.
‘തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഞാന്‍ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഇന്ന് തന്നെ കുട്ടികള്‍ക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാന്‍ തൃശൂര്‍ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂര്‍ത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും.’ ബോബി ചെമ്മണൂര്‍ പറഞ്ഞു.
നെയ്യാറ്റിന്‍ കരയില്‍ മരിച്ച രാജന്റെ മക്കള്‍ക്ക് കൈത്താങ്ങായി സര്‍ക്കാരും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും ഉള്‍പ്പെടെ ഒരുപാട് സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ 10 ലക്ഷം നല്‍കി . 5 ലക്ഷം രൂപ നല്‍കി യൂത്ത് കോണ്‍ഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തര്‍ക്കഭൂമിയില്‍ വീട് വയ്ക്കണമെന്ന കുട്ടികളുടെ ആഗ്രഹം സാധ്യമായിരുന്നില്ല.
ഇക്കാര്യത്തിലാണ് ബോബി ചെമ്മണ്ണൂര്‍ സഹായവുമായി എത്തിയത്. നിരവധി പേരാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തിക്ക് കൈ അടിച്ച് രംഗത്ത് വന്നിരിക്കുന്നത്. ബോബി ഹീറോയാടാ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രശംസ.