തെരുവുനായ്ക്കള്‍ നായ്ക്കുട്ടിയെ കടിച്ചുകീറി; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയെ വിളിച്ച് കുരുന്നുകള്‍, കുട്ടികള്‍ക്കിടയിലും നിറഞ്ഞ് പിണറായി വിജയന്‍

Cm Pinarayi Vijayan | Bignewslive

ഉള്ള്യേരി: തെരുവു നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ് മരണാസന്നനായ നായ്ക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി ഒരുപറ്റം കുരുന്നുകള്‍. കോഴിക്കോട് ഉള്ള്യേരി സൗത്തിലെ അനന്തുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിയെ വിളിച്ച് സഹായം ചോദിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തെരുവുനായ്ക്കള്‍ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ കടിച്ചു കുടയുന്നത് കുട്ടികള്‍ കണ്ടത്. ശരീരമാസകലം മുറിവേറ്റ നായ്ക്കുട്ടിയെ ഇവര്‍ തെരുവുനായ്ക്കളില്‍നിന്ന് രക്ഷിച്ചെങ്കിലും നായ്ക്കുട്ടിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. തുടര്‍ന്ന് നമ്പര്‍ ശേഖരിച്ച് അനന്തുദേവ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ച് കാര്യംപറഞ്ഞു.

പരാതി ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍, ഉടന്‍ പരിഹാരമുണ്ടാകുമെന്നും കാത്തിരിക്കാനും കുട്ടികളോട് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ജില്ല മൃഗ സംരക്ഷണ ഓഫിസിലേക്ക് വിളിയെത്തി. അവിടെനിന്ന് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വിവരം നല്‍കി.

തുടര്‍ന്ന് വൈസ് പ്രസിഡന്റ് എന്‍എം ബാലരാമന്റെ നേതൃത്വത്തില്‍ നായ്ക്കുട്ടിയെ താലൂക്ക് മൃഗാശുപത്രിയില്‍ എത്തിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. സജാസ് മുറിവുകളില്‍ തുന്നലിടുകയും അടിയന്തര ശുശ്രൂഷ നല്‍കുകയും ചെയ്തതോടെ നായ്ക്കുട്ടിക്ക് പുതുജീവന്‍ തിരിച്ചുകിട്ടി. ഇതോടെ കുട്ടികള്‍ക്കും സന്തോഷമായി. ചെറിയ കുഞ്ഞുമക്കളിലേയ്ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങി വരുന്നതാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നതെന്ന് സോഷ്യല്‍മീഡിയയും പ്രതികരിക്കുന്നു.

Exit mobile version