തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി ആരോപണം ദയനീയമായി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു വിദേശ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്നതിനു പിന്നില്‍ യുഡിഎഫ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നാണ് എക്‌സൈസ് മന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മുന്നില്‍ പല്ലി വാല് മുറിച്ച് രക്ഷപ്പെടുന്നതുപോലെയാണ് മന്ത്രി രക്ഷപ്പെടുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൂച്ച കണ്ണ് അടച്ച് പാല് കുടിക്കുന്നതുപോലെയാണ് സര്‍ക്കാര്‍ അഴിമതി നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എല്ലാവര്‍ക്കും പാഠമാണ്. മോദിയുടെ ധാര്‍ഷ്ട്യത്തിനുണ്ടായ തിരിച്ചടിയാണ് ഇത്. നാളെ പിണറായി വിജയനും ഈ സ്ഥിതിയുണ്ടാകും. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനവിരുദ്ധ സര്‍ക്കാരിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ ഫലമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹത്തെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇത് ശരിയായ നടപടിയല്ല. സ്പീക്കര്‍ രണ്ട് തവണ ഇടപെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ നിസായഹതയാണ് കാണാന്‍ സാധിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post