കോഴിക്കോട്: മരുന്ന് വാങ്ങിക്കാനായി ഇളയ കുഞ്ഞിനെ ഉറക്കി കിടത്തിയാണ് ഷെഹനുൽ ഉസ്ന മരുന്ന് വാങ്ങിക്കാൻ പോയത്, ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നു; ഇതുവരെ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുൽ ഉസ്നയെയാണ് രണ്ടുമാസം മുൻപ് ഒക്ടോബർ 29ന് രാവിലെ കാണാതായത്. കാണാതായ അന്നുതൊട്ട് പോലീസ് സ്റ്റേഷനിൽ നിരന്തരം കയറി ഇറങ്ങുന്ന ഷെഹനുലിന്റെ ഭർത്താവ് സൗമേഷിനെ വിവരം കിട്ടിയാൽ അറിയിക്കാം എന്ന വാക്കിനപ്പുറത്തേക്ക് ഒരു വിവരം നൽകാൻ പോലീസും തയ്യാറല്ല.
ഷെഹനുലിനെ കാണാതായ അന്നുതൊട്ട് കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും. പതിനൊന്ന് മാസം പ്രായമായ ഇളയകുഞ്ഞിനെ പാലുകൊടുത്ത് ഉറക്കി കിടത്തിയാണ് ഷെഹനുൽ പോയത്. ഇപ്പോൾ ഉമ്മയെന്ന് അവ്യക്തമായി ഉച്ചരിച്ച് കരയുന്ന ഒരു വയസുകാരനായിരിക്കുന്നു ഈ കുഞ്ഞ്. മൂന്നും അഞ്ചും വയസുള്ള രണ്ട് മൂത്ത കുട്ടികളും ഷെഹനുൽ-സൗമേഷ് ദമ്പതികൾക്കുണ്ട്. മൂന്ന് പിഞ്ചുപൈതലുകളേയും മാറോട് അടക്കി പിടിച്ച് അവരുടെ ഉമ്മയ്ക്കായി കാത്തിരിക്കുകയാണ് സൗമേഷ്.
സൗമേഷും ഷെഹനുലും ആറുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയിച്ച് വിവാഹം കഴിച്ച ഷെഹനുൽ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തിന് ഒരു അർത്ഥമുണ്ടായതെന്ന് സൗമേഷം പറയുന്നു. എങ്ങനെയെങ്കിലും ഷെഹനുലിനെ കമ്ടെത്തി തരണമെന്നും അവൾ തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറായി കാത്തിരിക്കുകയാണ് എന്നും സൗമേഷ് പറയുന്നു.
ഷെഹനുൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. ആരെങ്കിലും ഷെഹനുലിനെ കണ്ടെത്തിയാൽ പോലീസിൽ വിവരമറിയിച്ചു സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യർഥന.
Discussion about this post