കടുപ്പശ്ശേരി: കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയും കഷ്ടപ്പാടുകളും നിറയുമ്പോഴും നന്മവറ്റാത്ത ചില ഹൃദയങ്ങളുണ്ട് മനുഷ്യരാശിക്ക് ഇനിയും പ്രതീക്ഷ നൽകി ക1ണ്ട്. അത്തരത്തിൽ ഹൃദയത്തിലെ നന്മകൊണ്ട് അമ്പരപ്പിക്കുകയാണ് തൃശ്ശൂർ കടുപ്പശ്ശേരിയിലെ ജോയി. അദ്ദേഹത്തിന്റെ സത്പ്രവർത്തിക്ക് ഇപ്പോൾ ചുറ്റുപാടു നിന്നും അഭിനന്ദന പ്രവാഹമാണ്.
മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണംകൊണ്ട് മറ്റൊരു കുടുംബത്തിനു വീടുനിർമ്മിച്ച് നൽകിയിരിക്കുകയാണ് കടുപ്പശ്ശേരി സ്വദേശി ചിറ്റിലപ്പിള്ളി കോക്കാട്ട് ജോയി. അദ്ദേഹത്തിന്റെ മകൾ ഫെബയും കുടുംബവും ഈ തീരുമാനത്തോടൊപ്പം നിന്നതോടെ പ്രദേശവാസികൾ തന്നെയായ ഒരു നിർധന കുടുംബത്തിൻ അന്തിയുറങ്ങാൻ സുരക്ഷിതമായൊരു വീട് ലഭിച്ചിരിക്കുകയാണ്.
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ എല്ലാം പാലിച്ച് ലളിതമായി മകൾ ഫെബയുടെ വിവാഹം നടത്തിയ ജോയി വിവാഹാഘോഷങ്ങൾക്ക് മാറ്റി വെച്ചിരുന്ന തുകകൊണ്ട് നിർധനരായ ഒരു കുടുംബത്തിന് വീട് നൽകാൻ തീരുമാനിക്കുകയായിരുന്നു. കടുപ്പശ്ശേരി സ്വദേശി ദേവസിക്കുട്ടിയുടെ കുടുംബത്തിനാണ് ജോയി വീട് നിർമ്മിച്ചു നൽകിയത്.
വീടിന്റെ തറക്കല്ലിടൽ ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനാണ് നിർവ്വഹിച്ചത്. വെഞ്ചിരിപ്പ് കർമ്മം ഫാ.വിൽസൺ കോക്കാട്ട് നിർവ്വഹിച്ചു. താക്കോൽ ദാനം ജോയിയുടെ പിതാവ് പൗലോസ് കോക്കാട്ട് നിർവഹിച്ചു.
മാതൃകാപരമായ ഈ ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി ജോയ്, വേളൂക്കര പഞ്ചായത്ത് അംഗം ഷീബ നാരായണൻ, വേളൂക്കര മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെടിപീറ്റർ, പ്രൊഫ. കെഎംവർഗ്ഗീസ്, ഡേവിസ് ഇടപ്പിള്ളി, ജോയ് കോക്കാട്ട്, ദേവസ്സിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post