പെരുമ്പാവൂര്‍: ‘ ബന്ധുക്കളുടെ സഹായം സ്വീകരിക്കരുത്, വീട്ടില്‍ പോലും കയറ്റരുത്, മകളുടെ ഈ ആഭരണങ്ങള്‍ വിറ്റ് സംസ്‌കാര ചടങ്ങുകള്‍ നടത്തണം’ ഇത് മരണത്തിന് തൊട്ടുമുന്‍പ് എഴുതിയിട്ട കുറിപ്പാണ്. ചുമരില്‍ എഴുതിയിട്ട കുറിപ്പ് ഇന്ന് കണ്ണീര്‍ കാഴ്ചയാവുകയാണ്. കഴിഞ്ഞ ദിവസമാണ് ചേലാമറ്റത്തെ ബിജുവും കുടുംബവും വീട്ടില്‍ ജീവനൊടുക്കിയത്.
ചിട്ടി നടത്തിയും പശുക്കളെ വളര്‍ത്തി പാല്‍ വിറ്റുമായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. 3 വര്‍ഷം മുന്‍പു ചിട്ടി നടത്തിപ്പില്‍ പാളിച്ചകള്‍ സംഭവിച്ചു. ഇതോടെ പണത്തിനായി ചിറ്റാളന്‍മാര്‍ വീട്ടിലെത്തുന്നതും വഴക്കിടുന്നതും പതിവായിരുന്നതായി വാര്‍ഡ് അംഗം കെ.എം.ഷിയാസ് പറഞ്ഞു. ചിട്ടിപ്പണം പലിശയ്ക്കു കൊടുത്തത് തിരികെ കിട്ടാത്തതാണ് തിരിച്ചടിയായത്.
കഴിഞ്ഞ ദിവസം സഹോദരനുമായി മരംവെട്ടുമായി ബന്ധപ്പെട്ട് വഴക്കുണ്ടായതായാണ് വിവരം. പണം നല്‍കാനുള്ളവരോട് അവസാന അവധി പറഞ്ഞിരുന്നത് ഇന്നലെയാണ്. ഡയറിയില്‍ 3 പേജുകളിലായി താന്‍ പണം നല്‍കാനുള്ളവരുടെയും തനിക്കു പണം തരാനുള്ളവരുടെയും പേരുകള്‍ ബിജു എഴുതിയിട്ടുണ്ട്. ഏകദേശം 50 പേരുകളുണ്ട് എന്നാണു വിവരം. ഭീഷണിപ്പെടുത്തിയവരുടെയും പേരുകളും ബിജു സൂചിപ്പിച്ചിട്ടുണ്ട്.
തനിക്കു പണം തരാനുള്ളവരില്‍ നിന്നു പോലീസ് പണം വാങ്ങി ചിറ്റാളന്‍മാര്‍ക്കു കൊടുക്കണമെന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ഡയറി പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയുടെ മതിലില്‍ എഴുതി വച്ച കത്തില്‍ കുടുംബം ആത്മഹത്യ ചെയ്യുകയാണെന്നു സൂചിപ്പിക്കുന്ന 2 കത്തുകളുണ്ടായിരുന്നു. ഒരെണ്ണം എസ്എന്‍ഡിപി ശാഖാ യോഗത്തിനായിരുന്നു.
മകളുടെ സ്വര്‍ണക്കമ്മലും മാലയുടെ ലോക്കറ്റും കത്തിനൊപ്പം ഉണ്ടായിരുന്നു. ബന്ധുക്കളുടെ സഹായം സ്വീകരിക്കരുതെന്നും കമ്മലും ലോക്കറ്റും വിറ്റ് സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നുമായിരുന്നു ആവശ്യം. മൃതദേഹങ്ങള്‍ ബന്ധുക്കളെ കാണിക്കരുതെന്നു സൂചിപ്പിച്ച് കടലാസില്‍ എഴുതി വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ച് വെച്ചിട്ടുണ്ട്. ചിലരുടെ പേരും ഇതില്‍ ബിജു സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post