ബംഗളൂരു: രോഗാവസ്ഥ മൂർച്ഛിച്ചതിനെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ബംഗളൂരുവിലെ അൽസഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി അവശതയിലാണ് മഅദനി. അടിയന്തിര ശസ്ത്രക്രിയ നാളെ നടത്തും.
ഏറെ കാലമായി രകതസമ്മർദ്ദം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് തുടങ്ങിയവ ഉയർന്ന അവസ്ഥയിലായിരുന്നു. മൂത്രതടസ്സവും അനുബന്ധമായ മറ്റ് രോഗങ്ങളും അലട്ടുന്നുണ്ടായിരുന്നു. നേരത്തെ തന്നെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കോവിഡിന്റെ പ്രത്യേക സഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിവാസം നീട്ടിവെയ്ക്കുകയായിരുന്നു.
മരുന്നുകൾ ഉപയോഗിച്ചിട്ടും രക്തസമ്മർദ്ദവും കിഡ്‌നിയുടെ പ്രവർത്തനക്ഷമത നിർണയിക്കുന്ന ക്രിയാറ്റിന്റെ അളവും ഉയർന്നതോടെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം താമസസ്ഥത്ത് ചികിത്സ തുടർന്നു വരികയായിരുന്നു. മുമ്പും നിരവധി പ്രാവശ്യം വിവിധ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വിവിധ ആശുത്രികളിൽ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം വിചാരണ കോടതിയിൽ വെച്ച് ഉയർന്ന രക്തസമ്മർദ്ദത്തെതുടർന്ന് ബോധരഹിതനായി വീഴുന്ന അവസ്ഥയുമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദീർഘകാലം ചികിത്സയിൽ തുടരുകയും ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ പരിശോധനകൾ തുടരുകയാണ്. നിലവിൽ രക്തസമർദ്ദം ഉയർന്ന അവസ്ഥയിലാണെങ്കിലും വെള്ളിയാഴ്ച ശാസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ശാസ്ത്രക്രിയ വിജയകരമാകാനും ആരോഗ്യവസ്ഥ പൂർണമായി വീണ്ടെടുക്കാനും പള്ളികളിലുൾപ്പടെ പ്രത്യേകം പ്രാർത്ഥന നടത്തണമെന്ന് ആശുപത്രിയിൽനിന്ന് അദ്ദേഹം അഭ്യർത്ഥിച്ചതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
Discussion about this post