തൃശൂര്‍: മേയര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ പോലും പതിവ് രീതികള്‍ മാറ്റാതെയും ജോലികളില്‍ ആത്മാര്‍ത്ഥ പുലര്‍ത്തിയും താരമായി തൃശ്ശൂരിലെ മേയര്‍ അജിത വിജയന്‍. പുലര്‍ച്ച അഞ്ച് മണിക്ക് തുടങ്ങുന്ന പാല്‍ സഞ്ചാരത്തില്‍ പൊതുപ്രവര്‍ത്തനത്തെയും ഒപ്പം കൂട്ടുകയാണ് ഇവര്‍. കണിമംഗലം വാര്‍ഡിലെ 180 വീടുകള്‍ പുലര്‍ച്ചെ ‘കണികണ്ടുണരുന്ന നന്മ’യാവുകയാണ് കൗണ്‍സിലര്‍ അജിത വിജയന്‍.
ഈ വീടുകളില്‍ അജിത മില്‍മ പാല്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടു വര്‍ഷം 18 ആയി. മേയര്‍ പദവിയില്‍ എത്തിയിട്ടും മാറ്റമില്ലാതെ മുന്നോട്ട് പോവുകയാണ് ഇവര്‍. മേയര്‍ തിരുവാതിര കളിക്കുന്നതും കോര്‍പറേഷനു കൗതുകമാണ്. ശ്രീകൃഷ്ണ തിരുവാതിരസംഘത്തിലെ പ്രധാനി കൂടിയാണ് അജിത. അംഗന്‍വാടി അധ്യാപികയും. കണിമംഗലം വലിയാലുക്കല്‍ തിരുനിലത്തില്‍ അജിതയും ഭര്‍ത്താവ് വിജയനും മില്‍മയുടെ ഏജന്‍സി എടുത്തായിരുന്നു ഉപജീവനം. വിജയന്‍ ടയര്‍ റീസോള്‍ ജോലിയും ചെയ്യുന്നുണ്ട്.
സ്‌കൂട്ടറിലാണ് ‘മേയറുടെ’ പാല്‍സഞ്ചാരം. പുലര്‍ച്ചെ 5ന് സ്‌കൂട്ടറില്‍ വലിയ സഞ്ചികള്‍ തൂക്കി അതില്‍ പാല്‍ പായ്ക്കറ്റുകളുമായി യാത്ര തുടങ്ങും. 14 വര്‍ഷം മുന്‍പ് ആദ്യമായി കൗണ്‍സിലര്‍ ആയപ്പോഴും സ്ഥിരം സമിതി അധ്യക്ഷയായപ്പോഴും ഈ പതിവു തെറ്റിച്ചില്ല. അംഗന്‍വാടി അധ്യാപികയായതിനാല്‍ അന്നത്തെ നിയമപ്രകാരം 2010ലെ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല. പിന്നീട് 2015ല്‍ വീണ്ടുംകൗണ്‍സിലര്‍ ആയി. സിപിഎം സിപിഐ ധാരണപ്രകാരം മേയര്‍ പദവിയുടെ കാലയളവ് പങ്കിട്ടപ്പോഴാണു അജിത വിജയനു മേയര്‍ രാശി തെളിയുന്നത്.
Discussion about this post