നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. മരിച്ച രാജനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്ന വസന്ത എന്ന സ്ത്രീ കോളനിയിലെ മിക്കവര്‍ക്കെതിരെയും കള്ളക്കേസ് കൊടുത്തിട്ടുണ്ടെന്നും വസന്ത കൈവശം വെച്ചിരിക്കുന്ന എട്ട് സെന്റ് വീടും സ്ഥലവും പോലും അനധികൃതമാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
ആക്ടിവിസ്റ്റ് തൊമ്മിക്കുഞ്ഞ് രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സംഭവം നടന്ന കോളനി സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തതിനു ശേഷമാണ് രമ്യയുടെ പ്രതികരണം. സമീപവാസികള്‍ക്കെതിരെ ചെറിയ തര്‍ക്കത്തിന്റെ പേരില്‍ കള്ളക്കേസു കൊടുക്കുന്നത് വസന്തയുടെ പതിവാണെന്നും ഇവര്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം,
”ആ കുട്ടികളുടെ വീട്ടിലേക്ക് ഇന്നലെ ഞാനും ശ്രീജയും വഴി ചോദിച്ച് ചോദിച്ചാണ് പോയത്. അവിടെ പലര്‍ക്കും ഈ സംഭവം പോലും അറിയില്ല .കോളനിക്ക് തൊട്ടടുത്ത വീടുകളില്‍ പോലും ഈ രണ്ട് മരണങ്ങള് ബാധിച്ചിട്ടില്ല. ഏതൊരു പകലും രാത്രിയും പോലെയാണ് അവര്‍ക്ക് ഈ ദിവസങ്ങളും .അല്ലേലും കോളനിക്ക് നേരെ കെട്ടുന്ന മതിലിനും എത്രയോ ഉയരത്തിലാണ് നമ്മള് മനസ്സില്‍ കെട്ടി ഉയര്‍ത്തുന്നവ. അറിയാതെ പോലും മനുഷ്യത്വം അങ്ങോട്ട് ഒഴുകരുത് എന്ന വാശി ഉണ്ടെന്ന് തോന്നിപോകും
അവരുടെ മരണത്തെക്കുറിച്ച് മാത്രമല്ല ഇത് വരെ അവര്‍ ജീവിച്ച ജീവിതത്തെക്കുറിച്ചും പറയേണ്ടതുണ്ട്.
പുറംപോക്കിലും കോളനികളിലും ജീവിക്കുന്നവര്‍, ജീവിതത്തില്‍ ഉടനീളം അനുഭവിക്കുന്ന നീതി നിഷേധത്തെക്കുറിച്ച് , മാറി മാറി ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിലുള്ള പങ്കിനെക്കുറിച്ച്…ഇതൊക്കെ മൂടിവെച്ച് കൊണ്ട് ഒറ്റപ്പെട്ട സംഭവം എന്ന് ഇതിനെ കാണുവോളം അനീതി മറ്റൊന്നില്ല. എന്തുകൊണ്ടാണ് ചില മനുഷ്യര്‍ക്ക് മാത്രം തങ്ങള്‍ അനുഭവിക്കുന്ന അനീതിയെക്കുറിച്ച് , ആത്മഹത്യയിലൂടെയോ കൊല ചെയ്യപ്പെടുന്നതിലൂടെയോ മാത്രം ഒരു ഭാഷ നിര്‍മ്മിക്കേണ്ടി വരുന്നത്? അവരുടെ അനീതി നിറഞ്ഞ ജീവിതത്തില്‍ , നമ്മുക്ക് ഒരു അസ്വഭാവികതയും കാണാന്‍ കഴിയാത്തത് ? ഇനി ആ കുട്ടികളെ ഗവമെന്റ് എറ്റെടുത്താലും ,അവര്‍ക്ക് വീട് വെച്ച് കൊടുത്താലും നഷ്ടമായതിന് പകരമാകുമോ? അവരുടെ കൗമാരവും യൗവനവും എന്തിന് വാര്‍ദ്ധക്യം പോലും ഈ ഒരു സംഭവത്തില്‍ ഉടക്കിനില്ക്കില്ലേ?. ഭൂതകാലത്തിലെ ഏതെങ്കിലും മോശം നിമിഷത്തില്‍ ജീവിതം മുഴുവന്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നത് ഒട്ടും സുഖമുള്ള അനുഭവമല്ല. കോടതിയോ ഭരണകൂടമോ കൊടുക്കുന്ന ഏത് നീതിക്കാണ്, അവര്‍ കടന്ന് പോയ ആ നിമിഷത്തെ മറികടക്കുന്നതില്‍ സഹായിക്കാന്‍ ആവുക? ജീവിക്കാന്‍ മിനിമം ആവശ്യമായതിനും അപ്പുറം അവരെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഇല്ല എങ്കില്‍ അത് അവകാശമല്ലേ? ( മറ്റ് പലരും ഈ വിഷയവും ഇതില്‍ പോലിസ്കാരുടെ പങ്കും നല്ല രീതിയില്‍ ഉന്നയിച്ചത് കൊണ്ട് അതിലേക്ക് ഞാന്‍ ഒട്ടും തന്നെ പോകുന്നില്ല )
ഇന്ന് രാവിലെ മുതല്‍ പല പോസ്റ്റുകളും കണ്ണില്‍ പെട്ടപ്പോഴാണ് ഇങ്ങനെ ഒന്ന് എഴുതാന്‍ തോന്നിയത്.
സ്വന്തം സ്ഥലത്ത് നിന്ന് 3 സെന്റ് പോയാല്‍ നിങ്ങള്‍ എന്ത് ചെയ്യും?അതേ ആ സ്ത്രിയും ചെയ്തിട്ടുള്ളു എന്ന് പറയുന്നവരോട്….
ഞങ്ങള്‍ അവിടെ ചെന്ന് വസന്ത ഉള്‍പ്പെടെ പലരോടും സംസാരിച്ചതില്‍ നിന്ന് മനസ്സിലായ ചില കാര്യങ്ങള്‍.
ഇപ്പോള്‍ അവര്‍ (വസന്ത) താമസിക്കുന്ന 8 സെന്റ് വീടും സ്ഥലവും പോലും അനധിക്യതമാണ്. കാരണം ഒരാള്‍ക്ക് 4 സെന്റില്‍ കൂടുതല്‍ സ്ഥലം കൈവശം വയ്ക്കാന്‍ അവിടെ അവകാശമില്ല.( അതായത് ഇപ്പോള്‍ ഗവ: 2 1/2 സെന്റിന്റെ പൈസയാണ് നിങ്ങള്‍ക്ക് നല്കുന്നതെങ്കില് അതിനോട് ചേര്‍ന്ന് 2 1/2 സെന്റില്‍ കൂടുതല്‍ വാങ്ങാന്‍ നിങ്ങളെ ആ പദ്ധതി അനുവദിക്കില്ല) അവരുടെ പേരിലാണ് വീടും സ്ഥലവും എന്നവര്‍ തന്നെ പറയുന്നു .അവരാണ് മരിച്ച് പോയ രാജന് എന്ന ആള് താമസിച്ചിരുന്ന സ്ഥലത്തിന് വേണ്ടി വാശിപിടിച്ചതും കേസ് കൊടുത്തതും.
രാജന് ഇപ്പോള്‍ വീട് വെച്ചതിന്റെ തൊട്ടടുത്ത വീട്ടിലെ ആള്‍ക്കാരോട് ഇവര്‍ (വസന്ത) സ്ഥലം വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. അവര്‍ കൊടുക്കാതിരുന്നത് കൊണ്ട് അവര്‍ക്കെതിരെ കള്ളക്കേസ് കൊടുത്തു . ഈ വസന്തയുടെ ഓപ്പോസിറ്റ് വീട്ടിലെ ചേച്ചിക്കെതിരെ വസന്ത കേസ് കൊടുത്തിട്ടുണ്ട് . ഞങ്ങടെ അടുത്ത് വന്നിരുന്ന 70 ല്‍ താഴെ പ്രായമുള്ള ഒരു അമ്മ, പുള്ളിക്കാരി പറഞ്ഞത് പുള്ളിക്കാരിക്കെതിരെം കേസ് കൊടുത്തെന്ന്, കാരണം തിരക്കിയപ്പോള്‍ എന്തോ വഴക്ക് ഉണ്ടായപ്പോള്‍ വസന്ത പോലീസ് സ്റ്റേഷനില്‍ വിളിച്ച് കള്ളക്കേസ് കൊടുത്തു. ഇവരുടെ വീട്ടില്‍ ചാരായം വാറ്റുന്നു എന്ന്, പോലീസ്കാര് ചാരായവും ആയി വന്ന് ഈ അമ്മയെ അറസ്റ്റ് ചെയ്തു. രണ്ട് മാസം അവര്‍ക്ക് ജയിലിലും കിടക്കേണ്ടി വന്നു. ഏകദേശം അവിടത്തെ സകലമാന ജനങ്ങള്‍ക്കുമെതിരെ അവര്‍ കേസ് കൊടുത്തിട്ടുണ്ട്. അവിടെ ഉള്ള ഒരാള്‍ പറഞ്ഞത്, വസന്ത വിളിച്ചാല്‍ മാത്രമേ പോലീസ് ഫോണ്‍ എടുക്കു എന്നാണ്. ഞങ്ങളുടെ അടുത്ത് നിന്ന പെണ്‍കുട്ടി പറഞ്ഞത് ആ കുട്ടിടെ ആങ്ങളെക്കെതിരെയും കേസ് കൊടുത്തിട്ടുണ്ടെന്ന് (അങ്ങള കഴിഞ്ഞ മാസം മരിച്ചു). ഹരിജനങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുമെന്ന് അവര്‍ ഒരു വര്‍ഷം മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു എന്നും ആ കുട്ടി കൂട്ടിച്ചേര്‍ത്തു.
വസന്ത ഇപ്പോള്‍ താമസിക്കുന്ന സ്ഥലം 2 പേരുടെ കൈയില്‍ നിന്ന് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി വാങ്ങിച്ചതാണ് ( ദളിത് കോളനിയില്‍ അവര്‍ക്ക് എങ്ങനെ സ്ഥലം വാങ്ങാന്‍ കഴിഞ്ഞു എന്ന ചോദ്യവും ഉണ്ട് ) , ഇത്രം കാര്യങ്ങള്‍ കേട്ടപ്പോള്‍ അതിന്റെ കാര്യവും ഏറെക്കുറെ പിടികിട്ടി. അപ്പോഴാണ് വെറെ ഒരാള്‍ പറഞ്ഞത് വസന്ത നേരത്തെ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഇത്പോലെ എല്ലാര്ക്കും എതിരെ കേസ് കൊടുത്ത് ആകെ പ്രശ്നമായി ഇങ്ങോട്ട് വന്നതാണെന്ന്. ഇതൊക്കെ അവിടെ ചുറ്റിനുമുള്ളവര്‍ പറഞ്ഞ് തന്ന കാര്യമാണ്. എന്തായാലും ആ നാട്ടുകാര്‍ വസന്തക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ കള്ളമായാല്‍ പോലും 8 സെന്റിലുള്ള അവരുടെ വീട് നിയമപരമായി ശരിയല്ല.
അപ്പോള്‍ തന്നെ മനസ്സിലാകും രാജനെതിരെയുള്ള കേസിന്റെ സത്യാവസ്ഥയും വസന്തയോട് സംസാരിച്ചപ്പോള്‍ അവര്‍ ഞങ്ങളോട് പറഞ്ഞത് രാജനും കുടുബത്തിനും കഞ്ചാവും വാറ്റും ഒക്കെയാണ് പണിയെന്നാണ്. രാവിലെ പത്രം ഇടുന്നത് പോലെ മറ്റുള്ളവര്‍ക്ക് എതിരെ കളളക്കേസ് കൊടുക്കുന്ന അവരില്‍ എനിക്ക് ഒരു നന്മയും കാണാന്‍ കഴിയുന്നില്ല. അതുപോലെ തന്നെ പ്രായമായ സ്ത്രിയെന്ന പരിഗണനയും അവര്‍ അര്‍ഹിക്കുന്നതായി തോന്നുന്നില്ല.അവര്‍ക്ക് രാഷ്ട്രീയത്തിലും നല്ല പിടിയുള്ള വ്യക്തി തന്നെയാണ് ( മഹിളാ കോണ്‍ഗ്രസ്) .ഇന്ന് രാവിലത്തെ പലരുടെം പോസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ കേട്ടതും കണ്ടതുമായ കാര്യം ഇവിടെ പറയണമെന്ന് തോന്നി.
അതിന്റെ ഇടയ്ക്ക് ഒരു കാര്യം കൂടി .ഇന്നലെ പോലിസുകാര്‍ വന്ന് ആ രണ്ട് മനുഷ്യരുടെ ശരീരത്തില്‍ തി പടര്‍ന്നതിന്റെ സാങ്കേതിക വിശദീകരണ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഓക്സിജന്റെ സാന്നിധ്യമാണ് തീ പടരാനുണ്ടായ കാരണം എന്ന് മാത്രമേ ഇനി ന്യായികരിക്കാനുള്ളു. അന്ന് അവര്‍ കുറച്ചെങ്കിലും മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ ആ 2 ജീവനും പോകില്ലായിരുന്നു എന്നത് 100% ഉറപ്പായ കാര്യമാണ്. മറ്റേത് പോലീസ് സ്റ്റേഷനേക്കാള്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന് നന്മയുടെയും മനുഷ്യത്വത്തിന്റെയും നിറകുടമാണെന്ന് നേരത്തെ തെളിയിച്ചതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് എന്റെ മാനസികനില ഞാന്‍ വീണ്ടും താഴത്തേക്ക് ആക്കുന്നില്ല.
ഭയമുണ്ട് ആ കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോള്‍….ക്യാമറ കണ്ണുകളും നമ്മളും പിന്‍വലിയുമ്പോള്‍ അവര്‍ ഈ അധികാരമുള്ള ശത്രുക്കളെ എങ്ങനെ ഒക്കെ നേരിടേണ്ടിവരും? അതുകൊണ്ട് പെട്ടെന്നൊരു ദിവസം അനാഥരാക്കപ്പെട്ട ആ കുട്ടികളോടൊപ്പം മാത്രം നിക്കുന്നു. 8സെന്റുള്ള ഒരു സ്ത്രിയുടെ മൂന്ന് സെന്റ് പോയാലുള്ള നെടുവീര്‍പ്പ് , അടുപ്പേല് കയറ്റിവെക്കാന്‍ തത്കാലം മനസ്സില്ല’
Discussion about this post