വടകര: ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുംവഴി റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പഴ്സിലെ പണം കണ്ട് ഈ പെണ്‍കുട്ടികളുടെ മനസിളകിയില്ല. ഓര്‍ത്തത് പഴ്സ് നഷ്ടപ്പെട്ടയാളുടെ ദുഃഖം മാത്രമായിരുന്നു. പിന്നെ ഒന്നു ആലോചിച്ചില്ല, ഉടന്‍ തന്നെ ഹൃദ്യയും ശിഖയും ഓട്ടോയില്‍ കയറി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പണം പോലീസിനു കൈമാറി. ഈ പെണ്‍കുട്ടികളുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിയുടെ ഫലമായി വടകര ടൗണിലെ ചുമട്ടുതൊഴിലാളി കമലയ്ക്ക് തിരിച്ചുകിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്സിലെ 10500 രൂപയും മൊബൈല്‍ ഫോണുമായിരുന്നു.
വടകര ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിനികളാണ് ഹൃദ്യയും ശിഖയും. ഈ ചെറുപ്രായത്തിലും പക്വതയോടെ പെരുമാറിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുകയാണ് ഈ നാടും പോലീസും. റോഡില്‍ നിന്നാണ് പെണ്‍കുട്ടികള്‍ക്ക് പഴ്സ് കിട്ടിയത്. ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ കയറി പഴ്സ് വടകര പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ടൗണിലെ ചുമട്ടുതൊഴിലാളിയായ കരിമ്പനപ്പാലത്തെ പടന്നയില്‍ കമലയുടേതാണ് പഴ്സെന്ന് പിന്നീട് വിവരം കിട്ടി. ചിട്ടിവിളിച്ചു കിട്ടിയതായിരുന്നു പണം.
സ്റ്റേഷനില്‍ വെച്ചു തന്നെ പോലീസിന്റെ സാന്നിധ്യത്തില്‍ പഴ്സ് ഹൃദ്യയും ശിഖയും കമലയ്ക്ക് കൈമാറി. വൈക്കിലശ്ശേരി ഇളമ്പിലാക്കണ്ടി മീത്തല്‍ സുരേന്ദ്രന്റെ മകളാണ് ഇഎം ഹൃദ്യ. ശിഖ പുറമേരി മുതുവടത്തൂര്‍ കാരക്കോത്ത് ദാസന്റെ മകളും. കമ്പ്യൂട്ടര്‍ സെന്റര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇരുവരേയും അനുമോദിച്ചു. മാനേജിങ് ഡയറക്ടര്‍ സിജി ഷാജി ഉപഹാരം നല്‍കിയാണ് ഇവരുടെ നന്മയെ പ്രോത്സാഹിപ്പിച്ചത്.
Discussion about this post