വര്‍ക്കല: നൊന്തുപ്രസവിച്ച് കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ അമ്മയെ മകന് ക്രൂരമായി മര്‍ദിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ മകനെ വിട്ടുകിട്ടാന്‍ നിറകണ്ണുകളോടെ മര്‍ദ്ദനമേറ്റുവാങ്ങിയ അമ്മ പൊലീസ് സ്റ്റേഷനിലെത്തി.
‘എന്റെ സ്വന്തം മോനല്ലേ, എനിക്കൊരു പരാതിയുമില്ല ‘- അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ മുന്നിലെ കസേരയിലിരുന്ന് ഷാഹിദ വിതുമ്പിക്കൊണ്ട് പറഞ്ഞു. ഷാഹിദയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണീരിലായത് കേരള മനഃസാക്ഷിയാണ്. ചരിവില്‍ കുന്നുവിള വീട്ടില്‍ ഷാഹിദയെ മകന് റസാഖ് (27) മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണു പ്രചരിച്ചത്.
കാലു മടക്കി തൊഴിക്കുന്ന റസാഖിനു മുന്നില്‍ തൊഴുകൈകളോടെ ‘കൊല്ലരുതേ’ എന്നു നിലവിളിക്കുകയായിരുന്നു ഷാഹിദ. സഹോദരി വിഡിയോ പകര്‍ത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും റസാഖിന്റെ ക്രൂരതയ്ക്ക് ഒട്ടും കുറവുണ്ടായില്ല. ‘കാണിച്ചുകൊടുക്ക്, കൊണ്ടുപോയി കേസ് കൊടുക്ക്’ എന്ന് ആക്രോശിക്കുകയായിരുന്നു റസാഖ്.
‘ചാവടീ, നീയവന്റെ കൈകൊണ്ട് ചാവടീ, എനിക്കിനിയൊന്നും ചെയ്യാന്‍ പറ്റത്തില്ല ‘ എന്നു സഹോദരി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഡിസംബര്‍ 10നു നടന്ന സംഭവമാണെങ്കിലും വിഡിയോ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഷാഹിദയ്ക്കു പരാതിയില്ലെന്നു പറഞ്ഞെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് റസാഖിനെ അറസ്റ്റ് ചെയ്തു.
ബസ് ജീവനക്കാരനായ റസാഖ് രാത്രി മദ്യപിച്ചു വീട്ടിലെത്തി സഹോദരിയുമായി വഴക്കിടുന്നതിനിടയില്‍ തടസ്സം പിടിക്കാനെത്തിയതാണ് ഷാഹിദ. ദൃശ്യങ്ങള്‍ സഹോദരി റഹീമ മൊബൈലില്‍ പകര്‍ത്തി പിതാവിന് അയച്ചു കൊടുത്തു. ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും പരാതിയില്ലെന്നു മാതാവ് ഷാഹിദ തറപ്പിച്ചു പറഞ്ഞു.
ഇവരുടെ ഭര്‍ത്താവ് റഹിം ഏറെ നാള് വിദേശത്തായിരുന്നു. ഇപ്പോള്‍ ജോലി സംബന്ധമായി ഓച്ചിറയിലാണ് താമസം. വിവാഹിതനായ റസാഖ് ചെറുന്നിയൂരിലെ ഭാര്യ വീട്ടിലാണ് താമസം.
Discussion about this post