കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യതന്നെയാണെന്ന് വനിതകമ്മീഷന്. പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ചത് ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുതന്നെയാണെന്നും ഭാര്യയുടെ സമ്മതമില്ലാതെ അവരെക്കൂടി ഇക്കാര്യത്തിലേക്ക് കൂട്ടിപ്പിടിച്ചത് തെറ്റാണെന്നും വനിതകമ്മീഷന് അംഗം അഡ്വ. എം.എസ് താര പറഞ്ഞു.
കോഴിക്കോട് ടൗണ്‍ഹാളില്‍ വനിതകമീഷന് അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇക്കാര്യത്തില്‍ മാധ്യമ വിചാരണ ഒഴിവാക്കണമെന്നും വിഷയം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം അന്വേഷിക്കണമെന്നും വനിതകമ്മീഷന് പറഞ്ഞു.
മക്കളുടെ കണ്മുന്നില് രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്യുന്നത് കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതാണെന്നും എം.എസ് താര പറഞ്ഞു. അദാലത്തില്‍ 57 കേസുകളാണ് ആകെ പരിഗണിച്ചത്.
എല്ലാം കോവിഡ് കാലത്ത് രജിസ്റ്റര്‍ ചെയ്തവയാണ്. രണ്ട് കേസുകള്‍ പരിഹരിച്ചു. 31 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. കോവിഡ് കാലമായതിനാല്‍ കേസുകള്‍ കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്.
തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിന്തിരിപ്പിക്കാന് രാജന് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന് പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു.
ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടര്‍ന്ന് രാജന് മരണപ്പെട്ടു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
Discussion about this post