മലപ്പുറം: സാമൂഹിക പെന്ഷന് മുടങ്ങിയവര്‍ക്ക് ആശ്വാസമായി കഴിഞ്ഞ നാല് മാസത്തെ പെന്ഷന് വിതരണം ബുധനാഴ്ച ആരംഭിക്കും. ഇതിനായി 1893.02 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ സംഘങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്ന പെന്ഷന് തുകയാണ് ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുക. ബാങ്ക് മുഖേന ലഭിക്കുന്നവര്‍ക്ക് അടുത്ത തിങ്കളാഴ്ച മുതലാണ് അക്കൗണ്ടുകളിലേക്ക് എത്തുക.
ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ വരെയുള്ള നാല് മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ക്രിസ്മസിന് മുന്നോടിയായി വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. 1893 കോടിയില്‍ 1520 കോടി സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് മുഖേന സമാഹരിച്ചതാണ്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന 976 കോടി പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരം എസ്ബിഐ അക്കൗണ്ടിലേക്കും നേരിട്ട് വീടുകളില്‍ വിതരണത്തിനാവശ്യമായ 916.88 കോടി വെള്ളയമ്പലം സബ് ട്രഷറിയിലെ സാമൂഹിക സുരക്ഷ പെന്ഷന് അക്കൗണ്ടിലേക്കും മാറ്റാനും അനുമതിയായി.
കര്‍ഷക തൊഴിലാളി പെന്ഷന്, വാര്‍ധക്യകാല പെന്ഷന്, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്ഷന്, വിധവ പെന്ഷന്, വികലാംഗ പെന്ഷന് എന്നിവയാണ് നല്‍കുക. 2,400 മുതല്‍ 4,400 വരെയാണ് പെന്ഷന് തുക.
Discussion about this post