തിരുവനന്തപുരം: ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താനായി ഇടത്-വലത് മുന്നണികൾ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ചിലയിടങ്ങളിലുണ്ടാക്കിയ ധാരണയെ വിമർശിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന സീറ്റുകൾപോലും എൽഡിഎഫിനെ ഏൽപ്പിച്ചുകൊടുക്കുകയാണ് ചെന്നിത്തലയും കൂട്ടരും ചെയ്തു വരുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം ഗ്രാമപഞ്ചായത്തായ തൃപെരുന്തറയിൽ ഇടതു-വലത് പക്ഷങ്ങൾ ധാരണയുണ്ടാക്കിയത് വലിയ ചർച്ചയായിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ പരിഹാസമുന്നയിച്ചത്.
കേരളത്തിൽ യുഡിഎഫിന്റെ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് എൽഡിഎഫിന്റെ അടിമയായി മാറിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.’മിസ്റ്റർ ചെന്നിത്തല, നിങ്ങൾ യുഡിഎഫിനെ കുഴിച്ചുമൂടി. കേരളത്തിൽ ഇരുമുന്നണികളും പരസ്പരം മത്സരിക്കുക എന്ന നിലയിൽ നിന്ന് സീറ്റിനുവേണ്ടി പരസ്പരം ധാരണയിലെത്തുക എന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി. പലയിടത്തും പരസ്യമായ കൂട്ടുകെട്ടുണ്ടായി. രണ്ടുകൂട്ടർക്കും യാതൊരുവിധ ധാർമ്മികതയും നൈതികതയുമില്ലാതായി.’ – സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫും പോപ്പുലർഫ്രണ്ടുമായി എൽഡിഎഫും രാഷ്ട്രീയ ലാഭത്തിനുവേണ്ടി കൂട്ടുകൂടി. എന്തിനാണ് കേരളത്തിൽ രണ്ടുമുന്നണി? മറ്റ് സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് സിപിഐഎം ബാന്ധവം കേരളത്തിലേക്കും വ്യാപിപ്പിച്ചുകൂടെ?-സുരേന്ദ്രൻ പരിഹാസം തുടർന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയിൽ എൽഡിഎഫ് ഭരണത്തിലേറി. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.
Discussion about this post